pinaryi-

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയാൽ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് നോക്കാമെന്ന് നേരത്തേ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കേസ് എൻ.ഐ.എ ഏറ്റെടുത്തപ്പോൾ അന്വേഷണം ആ വഴിക്ക് നീങ്ങട്ടെയെന്നാണ് തുടക്കത്തിലേ പറഞ്ഞത്. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. മറ്റൊരു ചിത്രം വരച്ചുകാട്ടാൻ ചിലർ നോക്കിയപ്പോഴാണ് ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് നോക്കാമെന്ന് പറഞ്ഞത്. അവിടെ തന്നെയാണിപ്പോഴും നിൽക്കുന്നത്.

ജനം ടി.വിയുടെ കോ-ഓർഡിനേറ്റിംഗ് എഡിറ്ററെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോൾ ബി.ജെ.പി നേതാക്കൾ ജനം ടി.വിയെ തന്നെ തള്ളിപ്പറഞ്ഞതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. കടന്ന കൈയായിപ്പോയി. അങ്ങനെ സംസാരിച്ചവർ നാടിന് മുന്നിൽ പരിഹാസ്യരാകും. വസ്തുത എല്ലാവർക്കുമറിയാമല്ലോ.

നെഞ്ചിടിപ്പ് കൂടുന്നത് കേന്ദ്രമന്ത്രി വി. മുരളീധരനെ ഉദ്ദേശിച്ച് പറഞ്ഞതാണോയെന്ന് ചോദിച്ചപ്പോൾ, ഏത് വ്യക്തിയെ ഉദ്ദേശിച്ചുവെന്നത് പ്രസക്തമല്ലെന്ന് മറുപടി നൽകി. തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അതേതെല്ലാം രീതിയിൽ തിരിഞ്ഞുവരാനിടയുണ്ടെന്ന തോന്നലിൽ പറഞ്ഞതാണ്. സ്വർണക്കടത്തുകാരുമായി ആരൊക്കെ ബന്ധപ്പെട്ടുവെന്ന് ഇതിനോടകം വെളിപ്പെട്ടല്ലോ. ഇപ്പോൾ അന്വേഷണം ശരിയായ രീതിയിലാണ്. ഭാവിയിലെങ്ങനെയെന്ന് പറയാനാവില്ല.

സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ സമയമെടുത്ത് ശേഖരിക്കാനാവും. അതാർക്കെങ്കിലും പൂഴ്ത്തിവയ്ക്കാനാകുന്നതാണോ? ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ കാലവിളംബമുണ്ടോയെന്ന് അന്വേഷണ ഏജൻസിയോട് ചോദിക്കണം. അന്വേഷണ ഏജൻസിക്ക് കൃത്യമായ ധാരണയുണ്ട്. ആവശ്യമുണ്ടെങ്കിൽ അവർ സർക്കാരുമായി ബന്ധപ്പെടും. വരെ അന്വേഷണത്തിന് വിടണം. അന്വേഷണത്തിൽ പിഴവുണ്ടെങ്കിലത് ചൂണ്ടിക്കാട്ടാം. അല്ലാതെ ഞങ്ങൾ ഇതു കണ്ടെത്തി, നിങ്ങൾ ആ വഴിക്ക് പോകൂ എന്ന് പറയുകയല്ല വേണ്ടത്.

ശിവശങ്കർ ഓഫീസിൽ

ഉണ്ടായിരുന്നയാൾ

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർ പ്രതിക്കൂട്ടിലല്ലേയെന്ന ചോദ്യത്തിന് തന്റെ ഓഫീസിലാരാണ് ആരോപണവിധേയനെന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. ശിവശങ്കർ ഒരു കാലത്ത് എന്റെ സെക്രട്ടറിയായിരുന്നു. സ്വർണക്കടത്ത് വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ മാറ്റി. പിന്നീട് സസ്പെൻഡ് ചെയ്തു. പിന്നെങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളയാളെന്ന് പറയും. ഉണ്ടായിരുന്ന ആളെന്ന് പറയാം.