കോവളം: അതിവേഗം പുരോഗമിക്കുന്ന വിഴിഞ്ഞത്തെ ക്രൂചെയ്‌ഞ്ചിംഗിന് ഇത് ചരിത്രനിമിഷം. അന്താരാഷ്ട്ര ക്രൂചെയ്ഞ്ച് ടെർമിനൽ പദ്ധതി യാഥാർത്ഥ്യമായതിനുശേഷം ആദ്യമായി വിദേശികളായ കപ്പൽ ജീവനക്കാർക്ക്
ഇന്ന് വിഴിഞ്ഞത്ത് ക്രൂചെയ്‌ഞ്ചിംഗിന് അനുമതി നൽകും. ഇതുവരെ കപ്പലുകളിലെ ഇന്ത്യക്കാർക്ക് മാത്രമാണ് കരയിലിറങ്ങാനും തിരികെ കയറാനുമുള്ള അനുമതി നൽകിയിരുന്നത്. വീനസ് എന്ന ടാങ്കർ കപ്പലാണ് ഇന്ന് രാവിലെ വിഴിഞ്ഞം പുറം കടലിലെത്തുക. ഈ കപ്പലിൽ നിന്ന് വിയറ്റ്നാം, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേരൊടൊപ്പം ഇന്ത്യക്കാരായ ക്യാപ്ടൻ അടക്കമുള്ള 23 പേർ കരയിലിറങ്ങും. മഹാബലിയുടെ വേഷമണിഞ്ഞെത്തുന്നയാൾ കരയിലെത്തുന്ന ജീവനക്കാർക്ക് പൂക്കൾ നൽകി വരവേൽക്കും. ഇവർക്ക് ഓണസദ്യയും നൽകും. കൊവിഡ് മാനദണ്ഡമനുസരിച്ചായിരുക്കും ക്രൂചെയ്ഞ്ചിംഗ് അടക്കമുള്ളവ നടക്കുകയെന്ന് മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു അറിയിച്ചു. വലിയതുറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോവിൻസ് റിസോഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് തുറമുഖത്ത് ക്രൂചെയ്ഞ്ചിനുള്ള സൗകര്യമൊരുക്കുക. വിഴിഞ്ഞം പുറംകടലിൽ നിറുത്തിയിടുന്ന കണ്ടെയ്‌നർ കപ്പലുകളിൽ നിന്ന് ജീവനക്കാരെ കരയിലേക്ക് എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതിനുമായി സർക്കാരിന്റെ ടഗ് ആദ്യമായി ഉപയോഗിക്കും. ഇതിനായി കോഴിക്കോട് ബേപ്പൂരിലുണ്ടായിരുന്ന മോട്ടോർ ടഗ് ' ചാലിയാർ ' വിഴിഞ്ഞത്തെത്തിച്ചു. ക്രൂചെയ്ഞ്ചിന്റെ ആദ്യഘട്ടത്തിൽ ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മറൈൻ എൻഫോഴ്സിന്റെ ബോട്ടുകളായിരുന്നു ഉപയോഗിച്ചിരുന്നത്. തുറമുഖ വകുപ്പിന് ലക്ഷങ്ങളുടെ വരുമാനം ലഭ്യമാകുന്ന പദ്ധതിയാണിത്.