theif

വാടാനപ്പിള്ളി: തൃത്തല്ലൂരിൽ അടച്ചിട്ട വീട്ടിൽ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് സ്വർണാഭരണം കവർന്നു. ദേശീയപാത 66ൽ മഞ്ഞിപറമ്പിൽ വീട്ടിൽ ഗംഗാധരൻ മകൻ ഉദയകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം ജോലി സംബന്ധമായി എട്ട് മാസമായി പൂനെയിലാണ്. അടച്ചിട്ടിരുന്ന ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച് അകത്തുകയറി അകത്തുള്ള മുറിയുടെ പുട്ടും തകർത്ത് അലമാരയിലെ സാരിക്കിടയിൽ സൂക്ഷിച്ചിരുന്ന കൈ ചെയിനാണ് കവർന്നത്.

കണ്ടെയ്ൻമെന്റ് സോണായതിനാൽ റോഡ് അടച്ചു കെട്ടിയിരുന്നു. വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്തതിനാൽ മേഖലയിലെ എതാനും ചിലർ ഈ വീടിന്റെ, മുറ്റത്ത് പാർക്ക് ചെയ്തിരുന്ന, ബൈക്ക്, പെട്ടിഓട്ടോ, ഓട്ടോറിക്ഷ, എന്നിവയുടെ താക്കോലും മോഷ്ടാവ് എടുത്തു കൊണ്ടുപോയി. വീട് നോക്കി വന്നിരുന്ന ആൾ വെള്ളിയാഴ്ച ഗേറ്റ് പൂട്ടിപ്പോയതിനാൽ വാഹന ഉടമകൾ താക്കോൽ എടുത്തിരുന്നില്ല. വീട്ടിലെ സി.സി.ടി.വി കാമറകൾ തിരിച്ച് വച്ച നിലയിലാണ്. രാത്രി 7.30 വരെ സി.സി.ടി.വി കാമറയുടെ രംഗം ഉടമ പൂനെയിൽ നിന്ന് കണ്ടിരുന്നു. രാത്രിയാണ് മോഷണം നടന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ വാടാനപ്പിള്ളി പൊലീസ് എത്തി സി.സി.ടി.വി കാമറ പരിശോധിച്ചു. സി.ഐ: ബിജോയ്, എസ്‌.ഐ: ജിനേഷ് എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിരുന്നു.