life-
life mission,

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളിൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അത് പൂർത്തിയാകുന്ന മുറയ്ക്ക് നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നാലരക്കോടി രൂപയുടെ അഴിമതി നടന്നതായി ചാനൽ ചർച്ചയിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് അക്കാര്യം സർക്കാരിനെ അറിയിച്ചോ എന്ന ചോദ്യത്തിന്, ചാനൽ റിപ്പോർട്ടനുസരിച്ച് നടപടിയെടുക്കാനാകില്ലെന്നായിരുന്നു മറുപടി. മാദ്ധ്യമ ഉപദേഷ്ടാവ് പറഞ്ഞത് അദ്ദേഹത്തിന് കിട്ടിയ വിവരമാണ്. തനിക്ക് ആധികാരികമായി വിവരം കിട്ടുമ്പോൾ പറയാം.

സർക്കാരിന് സർക്കാരിന്റേതായ രീതിയിൽ വിവരം കിട്ടണം. സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും കാര്യങ്ങളും അറിയുന്നയാളല്ല മാദ്ധ്യമ ഉപദേഷ്ടാവ്. അദ്ദേഹം എപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നിരിക്കുന്നയാളല്ല. ഫയൽ കാണുന്നയാളുമല്ല. നിങ്ങളെ പോലെ ഒരു മാദ്ധ്യമപ്രവർത്തകനാണദ്ദേഹം. ഉപദേശം വേണ്ടപ്പോൾ സ്വീകരിക്കാനാണ് ഉപദേഷ്ടാവാക്കിയത്. റെഡ്ക്രസന്റ് ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം സർക്കാരിനില്ല.

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എമ്മും ബി.ജെ.പിയും കൂട്ടുകക്ഷികളെ പോലെ പെരുമാറുകയാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ, പ്രതിപക്ഷനേതാവിന് ചില സമയത്ത് എന്താണ് പറയേണ്ടത് എന്ന് കിട്ടില്ലെന്നായിരുന്നു മറുപടി.