തിരുവനന്തപുരം: ''എനിക്കൊരു സുരക്ഷയും വേണ്ട, ശ്രീനാരായണ ഗുരുദേവനാണ് എനിക്ക് രക്ഷ. അദ്ദേഹം കാത്തോളും''
ശിവഗിരിയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട് 1995ൽ പൊലീസ് നടപടിയുണ്ടായപ്പോൾ അതിന് നേതൃത്വം നൽകിയ അന്നത്തെ റൂറൽ എസ്.പി എൻ.ശങ്കർ റെഡ്ഡി പൊലീസ് അകമ്പടിയില്ലാതെ ഒറ്റയ്ക്ക് മഹാസമാധി സന്നിധിയിലെത്തിയ നിമിഷങ്ങൾ ഓർക്കുകയാണ്. 34 വർഷം കേരളത്തിൽ മാത്രം ജോലിനോക്കി ഡി.ജി.പി പദവിയിൽ നാളെ വിരമിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസു നിറയെ ഗുരുദേവ സ്മരണകളാണ്.
ശിവഗിരി കേസിൽ വിധി പറഞ്ഞ ജഡ്ജിമാരുൾപ്പെടെയുള്ളവർക്കു പോലും അന്ന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസ് ആക്‌ഷൻ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടതേയുള്ളൂ. മഹാസമാധിയിലെത്തി മനമുരുകി പ്രാർത്ഥിക്കണമെന്ന് തോന്നി. സഹപ്രവർത്തകർ വിലക്കാൻ ശ്രമിച്ചെങ്കിലും ഞാൻ തീരുമാനം മാറ്റിയില്ല. ഒറ്റയ്ക്ക് പോയി.കണ്ണീരോടെ പ്രാർത്ഥിച്ചു. ആ ചൈതന്യം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ഒരുപാട് ശക്തിയുള്ള മണ്ണാണ്. ആ വായുവിൽ പോലും ഗുരുവിന്റെ ചൈതന്യം അനുഭവിക്കാം''.
അതിനു ശേഷമായിരുന്നു ശിവഗിരി സംഭവത്തെ കുറിച്ചുള്ള ജുഡിഷ്യൽ കമ്മിഷന്റെ റിപ്പോർട്ട് വന്നത്. അതിൽ എന്നെ പ്രശംസിക്കുകയാണ് ചെയ്തത്. പിന്നീടും പലവട്ടം ശിവഗിരിയിൽ പോയി. സ്വാമിമാരെ മകളുടെ വിവാഹത്തിന് ക്ഷണിച്ചു. അവർ വന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഇവിടെ നിന്നു മടങ്ങിയാലും കേരളത്തിൽ വരുമ്പോൾ ശിവഗിരിയിൽ പോയി തൊഴും.''
അനന്തപുരിയിൽ നിന്ന് അതേ അർത്ഥമുള്ള പുട്ടപ്പർത്തിക്കടുത്തുള്ള അനന്തപുർ ജില്ലയിലാണ് പോകുന്നത്. അവിടെയാണ് മകൾ സിന്ദുറും കുടുംബവും. നാലു വയസുള്ള ഇരട്ടക്കുട്ടികളാണ് അവൾക്ക്. ഞാനും ഭാര്യ റാണിയും അവർക്കൊപ്പം കുറച്ചു നാൾ കഴിയും. തെലങ്കാനായിലെ മെഹ്ബുബ് സ്വദേശിയാണ് റെഡ്ഡി.