ഈരാറ്റുപേട്ട :ഹോട്ടൽ ജീവനക്കാരൻ കടുവാമൂഴി കടപ്ലാക്കൽ മൂശാപ്പയുടെ (ഷരീഫ്, 55) മരണം കൊലപാതകമെന്ന് പൊലീസ്. നിരീക്ഷണത്തിലായിരുന്നു മകൻ ഷഫീക്ക് (30) അറസ്റ്റിൽ. മരണം ഇഷ്ടികയ്ക്ക് തലയ്ക്കും വയറിനും ഏറ്റ ക്ഷതത്തെ തുടർന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതോടെയാണ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന മകനെ അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെയാണ് മൂശാപ്പയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടത്. വക്കേക്കര ഭാഗത്തെ കഞ്ചാവ് വിൽപ്പനക്കാരനായ ഷെഫീക്ക് നിത്യവും മദ്യപിച്ചെത്തി വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസവും രാത്രിയും വഴക്കുണ്ടാക്കിയതായി അയൽവാസികൾ പറഞ്ഞു.വഴക്ക് പതിവായിരുന്നതിനാൽ ശ്രദ്ധിച്ചില്ല. വഴക്കിന് ശേഷം ഉറക്കത്തിലായിരുന്ന പിതാവിനെ ഷഫീക്ക് തലയ്ക്കും വയറിനും ഇഷ്ടികകൊണ്ട് ഇടിക്കുകയായിരുന്നു. അവശനിലയിലായ മൂശാപ്പ പുലർച്ചെ 3 മണിക്ക് ഭാര്യയെ വിളിച്ച് ചൂടുവെള്ളം വാങ്ങിക്കുടിച്ചിരുന്നു. എന്നാൽ പുലർച്ചെ നോക്കുമ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നു.