ജി.എസ്.ടി: കേന്ദ്ര നിർദ്ദേശം തള്ളി കേരളം
തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രം മുന്നോട്ടു വച്ച രണ്ട് നിർദ്ദേശങ്ങളും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ സംസ്ഥാനം, സമാന ചിന്താഗതിക്കാരായ മറ്റു സംസ്ഥാന ധനമന്ത്രിമാരുടെ യോഗം നാളെ വിളിച്ചുകൂട്ടാൻ തീരുമാനിച്ചു. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും യോഗം.
കേന്ദ്ര നിർദ്ദേശങ്ങൾ ഇവയാണ്: കൊവിഡ് മൂലമുണ്ടായ നികുതി കുറവ് പരിഹരിക്കാൻ സംസ്ഥാനങ്ങൾ വായ്പയെടുക്കണം. ബാക്കി കുറവ് നികത്താൻ കേന്ദ്രം വായ്പയെടുത്ത് നൽകാം. അല്ലെങ്കിൽ മുഴുവൻ നഷ്ടപരിഹാരത്തിനും സംസ്ഥാനങ്ങൾ വായപ് എടുക്കണം. എന്നാൽ, കൊവിഡ് മൂലമുണ്ടായ നികുതി കുറവ് ഉൾപ്പെടെ പരിഹരിക്കാൻ കേന്ദ്രം വായ്പയെടുത്ത് നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതേസമയം, കേരളമല്ല യോഗം വിളിച്ചുകൂട്ടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയും ഡൽഹി ധനമന്ത്രി മനീഷ് സിസോദിയയും തോമസ് ഐസക്കും ചേർന്നാവും മറ്റ് മന്ത്രിമാരെ ക്ഷണിക്കുക. കേന്ദ്രം വായ്പയെടുത്താൽ സംസ്ഥാനത്തേക്കൾ വായ്പാ നിരക്ക് കുറയും, ഓരോ സംസ്ഥാനത്തിന്റെയും നികുതി കമ്മി വ്യത്യസ്തമായതിനാൽ വായ്പാ പരിധി 0.5 ശതമാനം ഉയർത്തിയാലും എല്ലാവർക്കും ബാധകമാകില്ല തുടങ്ങിയ വാദങ്ങളും കേരളം ഉന്നയിച്ചതായി മന്ത്രി പറഞ്ഞു.