തിരുവനന്തപുരം: കാരുണ്യ ചികൽസാ പദ്ധതി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറിയ സർക്കാർ ഉത്തരവ് നിലനിൽക്കേ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഡയാലിസിസിന് വിധേയരാകുന്നവർക്ക് കേരള മെഡിക്കൽ കോർപ്പറേഷൻ വഴി നൽകുന്ന സൗജന്യ മരുന്ന്, സ്വാന്തന പരിചരണത്തിനുള്ള ധനസഹായം, അവയവ ദാതാവിന് നൽകുന്ന ഒരു ലക്ഷം രൂപയുടെ ധനസഹായം, അടിയന്തര ഘട്ടങ്ങളിൽ രോഗി ചെലവഴിക്കുന്ന പണം പിന്നീട് നൽകുക തുടങ്ങിയവാണ് നഷ്ടമാകുന്ന ആനുകൂല്യങ്ങൾ. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്‌സിക്യൂട്ടീവ് ഡയറക്ടർ രത്തൻ ഖേൽക്കറുടെ ഉത്തരവിൽ ഇതു വ്യക്തമാണ്. ഉത്തരവ് പിൻവലിച്ച് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി അതേ രൂപത്തിൽ തുടരണമന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.