തിരുവനന്തപുരം: കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തോടനുബന്ധിച്ച് അഞ്ചുപേരെ പേട്ട പൊലീസ് പിടികൂടി. പ്രതികളിൽ കാപ്പ കേസിൽ ഉൾപ്പെട്ട ഒരാളെ റിമാൻഡ് ചെയ്തു. രണ്ടുദിവസം മുമ്പാണ് ചാക്ക സ്വദേശികളായ ദമ്പതികളെ ഒരു സംഘം ഫോണിൽ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയ വിവരം അവർ പൊലീസിനെ അറിയിച്ചപ്പോൾ പേട്ട സ്‌റ്റേഷനിലെത്തി പരാതി നൽകാൻ നിർദേശിച്ചു. പരാതി നൽകാൻ സ്‌റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു പതിനിഞ്ചോളം വരുന്ന സംഘം കാർ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ദമ്പതികൾ പരാതിയിൽ പറയുന്നു. സംഭവത്തോടനുബന്ധിച്ച് രഞ്ജിത്ത്, ശ്യാം, അരുൺ, സഞ്ജു, ശങ്കൾ മോഹൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് സ്റ്റേഷനിൽ കാപ്പ കേസിൽ ഉൾപ്പെട്ട ശങ്കർ മോഹൻ എന്നയാളെ ഫോർട്ട് പൊലീസിനു കൈമാറി റിമാൻഡ് ചെയ്തു. കരുതൽ നിയമപ്രകാരം അറസ്റ്റ് ചെയ്ത മറ്റുളളവരെ ജാമ്യത്തിൽ വിട്ടയച്ചു. സംഘത്തിലെ മറ്റുളളവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ദമ്പതികൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.