കല്ലറ: കാലത്തിനൊപ്പം ചുവടുമാറ്റവുമായി ഇത്തവണത്തെ ഓണവും എത്തിയിരിക്കുകയാണ്. കൊവിഡ് കാലത്തെ ഓണം ഓൺലൈനിലായിരിക്കുകയാണ്. പരീക്ഷയുടെ ചൂടറിയാതെ വിദ്യാർത്ഥികളും ഓണാഘോഷത്തിന്റെ ആഹ്ലാദമില്ലാതെ കലാലയങ്ങളും. ക്ലാസ് മുറി തിരിച്ചും ഡിപ്പാർട്മെന്റും തിരിച്ചും പൂക്കള മത്സരമില്ല വടംവലിയില്ല. വാകമരത്തിൽ ഊഞ്ഞാൽ കെട്ടി ആട്ടമില്ല. സദ്യയില്ല. പക്ഷേ തോറ്റ് പിന്മാറാൻ ന്യൂ ജനറേഷനും ഒരുക്കമല്ല. കഴിഞ്ഞ വർഷം വരെ വിവിധ ക്ലബുകളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഓണാഘോഷ പരിപാടികളുടെ നോട്ടീസായിരുന്നു വീടുകളിൽ എത്തിയിരുന്നതെങ്കിൽ ഇന്ന് വാട്സ് ആപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം മുതലായ നവമാദ്ധ്യമങ്ങളിലൂടെയായി പ്രോഗ്രാം ചാർട്ട്. ഓണത്തിനേക്കാൾ വലുത് ജീവൻ ആയതുകൊണ്ട് സ്വന്തം വീട്ടിൽ ഇരുന്നു മത്സരിക്കാം. പൂക്കളമിടാം, ഊഞ്ഞാലാടാം, തുമ്പി തുള്ളാം, പാട്ടുപാടം, തിരുവാതിര കളിക്കാം എന്നിട്ട് വീഡിയോയും ഫോട്ടോയുമാക്കി ഫോണിലിടാം "പ്ലീസ് ലൈക്ക് ആൻഡ് ഷെയർ വീഡിയോ /ഫോട്ടോ " എന്ന അടിക്കുറിപ്പോടെ. ഏറ്റവും കൂടുതൽ ലൈക് ഷെയർ കിട്ടുന്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കുമാണ് സമ്മാനം. കാഷ് അവാർഡ് മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ സമ്മാനമായുണ്ട്. അങ്ങനെ വളരെ വ്യത്യസ്തമായി ഇത്തവണ സാംസ്കാരിക സംഘടനകളും വായനശാലകളും ക്ലബുകളും ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ ഓണം കാണാൻ മലയാളി ശീലിച്ചെങ്കിലും കുടുംബക്കാരും ബന്ധുക്കളുമെല്ലാം ഒത്തുകൂടുമ്പോഴെങ്കിലും ഗൃഹാതുരത്വം പേറുന്ന ഓണക്കളികൾ വീട്ടുമുറ്റങ്ങളിൽ ആഘോഷിക്കുന്നതാണ്. ഇന്ന് പല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകളും ക്ലസ്റ്ററുകളുമായി മാറിയതിനാൽ അത്തരം സന്ദർശനങ്ങൾക്കും വിലക്കാണ്.