pan
ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയ ലക്ഷങ്ങളുടെ പാൻ മസാല

പുനലൂർ:തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് പിക്കപ്പ് വാനിൽ കോഴിവളത്തിനൊപ്പം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി വാൻ ഡ്രൈവറെ പിടികൂടി. തെങ്കാശി സ്വദേശിയായ ഇസക്കി രാജ (42)യാണ് പിടിയിലായത്. ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് പാൻ മസാല ശേഖരം പിടികൂടിയത്. ഓണം പ്രമാണിച്ചു തമിഴ്നാട് അതിർത്തി കടന്നു വരുന്ന വാഹനങ്ങൾ കർശന പരിശോധനകൾക്ക് വിധേയമാക്കണമെന്ന കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി .കെ. സനു വിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കോഴിവളം കയറ്റിക്കൊണ്ടു വന്ന പിക്കപ്പ് വാനിൽ നിന്നും 36 ചാക്കുകളിലായി 25 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന പാൻ മസാല പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.സുജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രദീപ്കുമാർ.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ റെജിമോൻ, അജീഷ്.ഡി, എക്സൈസ് ഡ്രൈവർ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പാൻമസാല ശേഖരം പിടികൂടിയത്.