വർക്കല: നൂറ്റാണ്ടുകൾ പഴക്കമുള്ള വർക്കല പൊലീസ് സ്റ്റേഷൻ കെട്ടിടം മുഖം മിനുക്കുന്നു. കെട്ടിടം പുതുക്കി നിർമ്മിക്കുന്നതിന്റെ അവസാന ഘട്ട പണികൾ പുരോഗമിക്കുകയാണ്. വി. ജോയി എം.എൽ.എയുടെ നിരന്തരമായ ശ്രമങ്ങൾക്ക് ഒടുവിലാണ് സംസ്ഥാന സർക്കാർ കെട്ടിടം നിർമ്മിക്കുന്നതിന് പച്ചക്കൊടി കാട്ടിയത്. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്തംബർ 4ന് രാവിലെ 9 ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പൊലീസ് വകുപ്പ് മേധാവികൾ ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്മാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പൂജപ്പുര ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് നിർമ്മാണചുമതല. ആർക്കിടെക്ക് ജി. ശങ്കറാണ് കെട്ടിടത്തിന്റെ രൂപകല്പന ചെയ്തത്. 1922ലാണ് വർക്കല ടൗണിന്റെ ഹൃദയഭാഗത്ത് പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത്. ബ്രട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതായിരുന്നു ഓട് പാകിയ പൊലീസ് സ്റ്റേഷൻ കെട്ടിടം. നിലവിൽ 52 രണ്ടോളം വനിതകൾ ഉൾപ്പെടെയുളള പൊലിസുകാർ ഇവിടെ ഡ്യൂട്ടി നോക്കുന്നുണ്ട്. 1994 മുതൽ വർക്കലയിൽ സർക്കിൾ ഇൻസ്പെകടറുടെ ഓഫീസും നിലവിൽ വന്നു. എന്നാൽ ജീർണാവസ്ഥയിലായിരുന്ന വർക്കല പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.