തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ഓട്ടോ തൊഴിലാളികൾക്ക് ഓണസമ്മാനം നൽകി നഗരസഭ. നഗരസഭാ പരിധിയിലെ പ്രീപെയ്ഡ് കൗണ്ടറുകളിലെ തൊഴിലാളികൾക്കുള്ള നഗരസഭയുടെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. 2,200 ഓട്ടോ തൊഴിലാളികൾക്ക് 22.2 ലക്ഷം രൂപ ചിലവിൽ 1000 രൂപയുടെ ഓണകിറ്റാണ് നൽകിയത്. ദുരിത കാലത്ത് നഗരവാസികളെ സഹായിക്കുന്നതിനായി നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. നഗരത്തിലെ 30 വനിതകൾക്ക് ഇ-റിക്ഷകളും,ഇ-ഒട്ടോകളുമെല്ലാം വിതരണം ചെയതത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. സിറ്റി ട്രാഫിക് ഇംപ്രൂവ്‌മെന്റ് ആൻഡ് പാസഞ്ചേഴ്‌സ് വെൽഫെയർ സൊസൈറ്റി അക്കൗണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് എല്ലാ വർഷവും ഓട്ടോ തൊഴിലാളികൾക്ക് ഓണക്കിറ്റുകൾ നൽകിയിരുന്നത്. എന്നാൽ ഇക്കൊല്ലം കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ പ്രീപെയ്ഡ് കൗണ്ടറുകളിൽ നിന്നുള്ള വരുമാനം കുറയുകയും ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുള്ള തുക ഇല്ലാതെ വരികയും ചെയ്തു. ഇതോടെയാണ് നഗരസഭ തനത് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ഓണകിറ്റ് നൽകാൻ തീരുമാനിച്ചതെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ, കിലെ ചെയർമാൻ വി.ശിവൻകുട്ടി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വഞ്ചിയൂർ പി.ബാബു,പാളയം രാജൻ,എസ്.പുഷ്പലത,ഐപി.ബിനു,ട്രേഡ് യൂണിയൻ നേതാക്കളായ ജയമോഹൻ,പട്ടം ശശിധരൻ നായർ,ചാല സുധാകരൻ,പുത്തൻപള്ളി നിസാം,സതീഷ് എന്നിവർ പങ്കെടുത്തു.