ff

നെയ്യാറ്റിൻകര: സ്വാതന്ത്ര്യസമര പോരാട്ടാത്തിന്റെ ഭാഗമായ നെയ്യാറ്റിൻകര വെടിവയ്പ്പിന് ഇന്ന് 82 ആണ്ട്. 1938 ആഗസ്റ്റ് 31നാണ് ബ്രിട്ടീഷ് സാമ്രാജിത്വത്തിനെതിരെ നടന്ന ഐതിഹാസിക പോരാട്ടത്തിനുനേരെ വെടിവയ്പ്പുണ്ടായത്. അത്താഴമംഗലത്ത് വീരരാഘവൻ ഉൾപ്പെടെ ഏഴുപേരാണ് വീരചരമം പ്രാപിച്ചത്. രാഘവനെ കൂടാതെ കല്ലുവിള പൊടിയൻ, നടൂർകൊല്ല കുട്ടൻപിള്ള, വാറുവിളാകത്ത് മുത്തൻപിള്ള, വാറുവിളാകത്ത് പത്മനാഭപിള്ള, മരുതത്തൂർ വാസുദേവൻ, കഞ്ചാംപഴിഞ്ഞി കുട്ടപ്പൻ നായർ എന്നിവരും കാളി എന്ന സ്ത്രീയും വെടിവയ്പിൽ മരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് കൊല്ലപ്പെട്ട ധീരരക്തസാക്ഷികളുടെ അനുസ്മരണവും വെടിവയ്പിന്റെ വാർഷികാചരണവും നടത്തും. 13.5 ലക്ഷം രൂപ ചെലവിൽ നെയ്യാറ്റിൻകര നഗരസഭ അത്താഴമംഗലത്ത് നിർമ്മിച്ച സ്മാരകം രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 8ന് കോൺഗ്രസ്,​ വീരരാഘവ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലും അത്താഴമംഗലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. മുൻ എം.എൽ.എ ആർ. സെൽവരാജ്, അഡ്വ. എസ്.കെ. അശോക് കുമാർ എന്നിവർ പങ്കെടുക്കും.

ചരിത്രം ഇങ്ങനെ....

തിരുവിതാംകൂർ സ്​റ്റേ​റ്റ് കോൺഗ്രസ് പ്രസിഡന്റും നെയ്യാ​റ്റിൻകര സ്വദേശിയുമായ എൻ.കെ. പത്മനാഭപിള്ളയെ അദ്ദേഹത്തിന്റെ കിഴക്കെത്തെരുവിലെ വീട്ടിൽനിന്ന് അന്നത്തെ പൊലീസ് സൂപ്രണ്ട് കെ. രാമൻപിള്ള അറസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ നാടെങ്ങും പ്രതിഷേധം ഉയർന്നു. അറസ്റ്റ് വിവരം അറിഞ്ഞ് അത്താഴമംഗലത്തുനിന്നു രാഘവന്റെ നേതൃത്വത്തിലുള്ള ഏതാനും പേർ ത്രിവർണ പതാകയുമേന്തി ഓലത്താന്നി വഴി ജാഥയായി നെയ്യാറ്റിൻകര ടൗണിൽ എത്തിച്ചേർന്നു. പിന്നാലെ കൂടുതൽ പ്രതിഷേധക്കാർ സ്ഥലത്തേക്ക് ഇരമ്പിയെത്തി. സമരക്കാരോട് പിരിഞ്ഞ് പോകാൻ കുതിരപ്പട്ടാള മേധാവിയായ വാട്കീസ് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. രാഘവന്റെ കല്ലുകൊണ്ടുള്ള ഏറേറ്റ് കുതിരകൾ ചിതറി ഓടിയതായും ഇതിൽ പ്രകോപിതനായ വാട്ക്കീസ് രാഘവന് നേരെ നിറയൊഴിച്ചതായും തിരുവിതാകൂർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 7 റൗണ്ടാണ് വെടിവച്ചത്. വെടിയേറ്റ് വീണ രാഘവൻ അന്ന് വൈകിട്ടോടെ നെയ്യാറ്റിൻകര ആശുപത്രിയിൽ മരിക്കുകയായിരുന്നു.