പാലോട്: 94 വയസുള്ള ജാനകിഅമ്മയ്ക്കും നാലുവയസുകാരൻ അനിരുദ്ധനും ഇക്കുറി ഓണമില്ല, ഒപ്പം ചെറ്റച്ചൽ സമരഭൂമിയിലെ 38 കുടുംബങ്ങൾക്കും. ഇവരെ സമരഭൂമിയിലേക്ക് നയിച്ചവരോ സഹായിക്കാനായി എത്തിയവരോ യാതൊരു സഹായവും ഇവർക്ക് നൽകിയില്ല. ഇവിടെയുള്ള 38 കുടുംബങ്ങളിൽ പലർക്കും റേഷൻകാർഡ് ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളോ ഭക്ഷ്യക്കിറ്റുകളോ ലഭിച്ചിട്ടില്ല. ഭൂമി പതിച്ചു കിട്ടാനായി ആദിവാസി ക്ഷേമ സമിതി 2003 ഏപ്രിൽ 21ന് തുടക്കം കുറിച്ച പ്രതിഷേധമാണ് ചെറ്റച്ചൽ പൊട്ടൻചിറ ഭൂസമരം. 18 വർഷമായി ഭരണകൂടങ്ങൾ ഇവരുടെ അവകാശത്തിനെതിരെ കണ്ണടച്ചിരിക്കുകയാണ്. വീട്ട് നമ്പർ ഇല്ലാത്തതിനാൽ ഈ കുടിലുകൾക്ക് വൈദ്യുത കണക്ഷനും ലഭിച്ചിട്ടില്ല. താമസിക്കുന്ന ഭൂമിയെങ്കിലും പതിച്ചു കിട്ടുന്നതിന് വേണ്ട നടപടിയെങ്കിലും സ്വീകരിക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്. അല്ലെങ്കിൽ വാസയോഗ്യമായ ഭൂമി ലഭിച്ചാൽ മതിയെന്നാണ് ഇവരുടെ ആഗ്രഹം. ഇവരെ സർക്കാർ ലൈഫ് പദ്ധതിയിലും ഉൾപ്പെടുത്തില്ല കാരണം ഇവർക്ക് യാതൊരുവിധ രേഖകളും ഇല്ല എന്നതുതന്നെ. വീട്ടുനമ്പരിനായി വിതുര പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവർ കൈമലർത്തുകയാണുണ്ടായത്. സമരഭൂമിയിൽ ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാത്ത നാല് ആദിവാസി കുട്ടികളെ കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് പാലോട് സി.ഐ സി.കെ. മനോജിന്റെ ഇടപെടലിലൂടെ ഫയർ വർക്സ് യൂണിയന്റെ സഹകരണത്തോടെ ടിവിയും സോളാർ പാനലും എത്തിച്ച് നൽകിയിരുന്നു.
സമരചരിത്രം
2003ൽ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്ത് 28 ഏക്കറോളം വരുന്ന പ്രദേശം പതിച്ച് കിട്ടാൻ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്. തുടർന്ന് ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്തും സമരം തുടർന്നു. എന്നാൽ പിന്നീട് ഭരണമാറ്റമുണ്ടായപ്പോൾ അന്ന് പൊട്ടൻചിറയിലെ ജനങ്ങൾക്കൊപ്പം നിന്ന പ്രതിപക്ഷ പാർട്ടികളും ഇവരെ തിരിഞ്ഞ് നോക്കാതായി. എന്നാൽ വീണ്ടും കോൺഗ്രസ് സർക്കാർ ഭരണമേറ്റപ്പോൾ വീണ്ടും സമരപ്പന്തലുയർന്നു. എന്നാൽ നിലവിൽ നാല് വർഷമായി ഇവർക്കായി വാദിക്കാൻ സമരനേതാക്കളോ മറ്റാരും തന്നെയില്ല. ഇത്തരത്തിലുള്ള രാഷ്ട്രീയ മത്സരങ്ങൾക്കിടയിൽ ഇരയായത് വാഗ്ദാനങ്ങളെ വിശ്വസിച്ച മുപ്പതോളം ദരിദ്ര കുടുംബങ്ങളാണ്.