manoj-kumar

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ നിയമനത്തിനായി മനോജ് കുമാർ സമർപ്പിച്ച രേഖകൾ വ്യാജമെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ. മനോജ് കുമാർ ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവിക്കായി സമർപ്പിച്ച അപേക്ഷയിൽ 2015 മുതൽ 2020 വരെ സംയോജിത ശിശുവികസനപദ്ധതിക്ക് കീഴിൽ പെൺകുട്ടികൾക്ക് ക്ലാസ് എടുത്തുവെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐ.സി.ഡി.എസിന് കീഴിൽ മനോജ്കുമാർ ക്ലാസെടുത്തിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി ലഭിച്ചത്.

സ്വകാര്യ ചാനലിന്റെ അപേക്ഷ പ്രകാരമാണ് വിവരാവകാശ കമ്മിഷന്റെ മറുപടി. സി.പി.എം അനുഭാവിയും തലശേരി സ്വദേശിയുമായ മനോജ് കുമാറിന്റെ നിയമനം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ജില്ലാ ജഡ്ജിമാരെയും അക്കാഡമിക് യോഗ്യതയുള്ള വ്യക്തികളെയും മറികടന്നാണ് ഇദ്ദേഹത്തെ നിയമിച്ചത്. മനോജ് കുമാറിന്റെ നിയമനം ന്യായീകരിച്ച മുഖ്യമന്ത്രി ഇദ്ദേഹത്തെ പരമയോഗ്യൻ എന്നാണ് അന്ന് വിശേഷിപ്പിച്ചത്.

യോഗ്യത തെളിയിക്കാൻ സർക്കാരിന് സമർപ്പിച്ചത് വ്യാജരേഖയാണെന്ന വിവരം പുറത്തുവന്നതോടെ മനോജ് കുമാർ സർക്കാരിനെ കബളിപ്പിച്ചതാണോ അതോ സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ടുള്ള കാര്യമാണോ എന്ന ചോദ്യവും ഉയർന്നു. സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ സത്യവാങ്മൂലത്തിന്റെ ലംഘനമാകും. നിയമനടപടികളും നേരിടേണ്ടിവരും. വിഷയത്തിൽ മനോജ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.