തിരുവനന്തപുരം: തിരുവോണനാളായ ഇന്ന് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ച ഓണവില്ല് ശ്രീപദ്മനാഭ സ്വാമിക്ക് സമർപ്പിക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങ്.പാരമ്പര്യമായി ഈ വില്ല് നിർമ്മിക്കുന്ന കരമന വാണിയംമൂല മൂത്താശാരി കുടുംബത്തിൽ നിന്ന് എഴുന്നെള്ളിപ്പ് ഒഴിവാക്കി നാലഞ്ചുപേർ ചേർന്ന് ക്ഷേത്രത്തിലെത്തിക്കും. പുലർച്ചെ അഞ്ചരയ്ക്കുശേഷമുള്ള മൂഹൂർത്തത്തിലാണ് സമർപ്പണം. എട്ടരയ്ക്കുശേഷം ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കും.
ഐതിഹ്യം ഇങ്ങനെ: പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ ഒരുങ്ങുന്ന വാമനൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് അറിഞ്ഞ മഹാബലി ഒരു ആഗ്രഹം പ്രകടിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ വിശ്വരൂപവും കാലാകാലങ്ങളിലെ അവതാരങ്ങളും കാണണം.ഓണത്തിന് പ്രജകളെ കാണാൻ എത്തുന്ന വേളയിൽ ഭഗവത് സന്നിധിയിലെത്തുമ്പോൾ വിശ്വകർമ്മദേവൻ വരച്ചുസമർപ്പിച്ച ചിത്രങ്ങളുടെ രൂപത്തിൽ അവ കാണാമെന്ന വരം വാമനൻ നൽകുന്നു.
കടമ്പ് വൃക്ഷത്തടി നാലരഅടി, നാല് അടി, മൂന്നര അടി വലിപ്പത്തിൽ പലകകളാക്കായാണ് വില്ല് നിർമ്മാണം.
അനന്തശയനം മദ്ധ്യഭാഗത്തും ഇരുഭാഗത്തുമായി അവതാരങ്ങളും വരയ്ക്കുന്നു. 41 ദിവസത്തെ വ്രതമെടുത്താണ്
വില്ലുകൾ നിർമ്മിക്കുന്നത്.എട്ട് വില്ലുകളിൽ രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ വിഗ്രഹത്തിൻെറ ഉദരഭാഗത്ത് ഇരുവശങ്ങളിൽ ചാർത്തും. ആറു വില്ലുകൾ നരസിംഹം, ശ്രീരാമമൂർത്തി, ശ്രീകൃഷ്ണ വിഗ്രഹങ്ങളിലും ചാർത്തും. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യപ്രദമെന്നാണ് വിശ്വാസം.