reserve-bank-of-india

തിരുവനന്തപുരം: ലോക്ക് ഡൗണിനെത്തുടർന്ന് ബാങ്ക് വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഇന്നവസാനിക്കും.മാർച്ച് ഒന്ന് മുതലുള്ള തിരിച്ചടവുകൾക്ക് മൂന്നു മാസത്തേക്കാണ് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടിത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.സാമ്പത്തിക സ്ഥിതി സാധാരണ അവസ്ഥയിലെത്താത്ത സാഹചര്യത്തിൽ, മൊറട്ടോറിയം ആറ് മാസത്തേക്ക് കൂടിനീട്ടണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, റിസർവ് ബാങ്കിനോട് കേന്ദസർക്കാർ ഇതുവരെ ഇതാവശ്യപ്പെട്ടിട്ടില്ല. അടുത്ത സംസ്ഥാന മന്ത്രിസഭായോഗം ഈ ആവശ്യം ഉന്നയിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ സൂചിപ്പിച്ചു.

ഹർജി നാളെ

സുപ്രീംകോടതിയിൽ

മൊറട്ടോറിയം നീട്ടണമെന്ന ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ നിക്ഷേപങ്ങളിൽ നിന്നാണ് ബാങ്കുകൾ വായ്പ കൊടുക്കുന്നത്. കൊവിഡ് മൂലം ദുരിതത്തിലായവർക്കൊപ്പം, നിക്ഷേപകരുടെ താല്പര്യവും സംരക്ഷിക്കപ്പെടണമെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്.തിരിച്ചടവിന് പുനക്രമീകരണത്തിന് രണ്ടു വർഷം നീണ്ടു നിൽക്കുന്ന പദ്ധതികളും ആലോചിക്കുന്നുണ്ട്. ഇപ്പോൾ അടയ്ക്കേണ്ട പലിശയെ മറ്റൊരു വായ്പയാക്കി മാറ്റുകയാണ് ഇതിലൊന്ന്. മൊറട്ടോറിയം നീട്ടരുതെന്നാണ് ബാങ്കുകൾ ആവശ്യപ്പെടുന്നത്. പലരും മൊറട്ടോറിയം ദുരുപയോഗപ്പെടുത്തുകയാണെന്നും ബാങ്കുകൾ ആരോപിക്കുന്നു.