pazhavangadi
ഉത്രാടദിനത്തിൽ പഴവങ്ങാടിയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്ന നിർദ്ദേശത്തെയും മാനിക്കാതെ തിരുവോണത്തലേന്ന് നഗരത്തിൽ വൻതിരക്ക്. അവസാനവട്ട ഓണസാധനങ്ങൾ വാങ്ങാനായി ജനങ്ങൾ കൂട്ടത്തോടെ നഗരത്തിലേക്ക് എത്തിയതോടെ രാവിലെ 9 മുതൽ വലിയ തിരക്കാണ് എല്ലായിടത്തും അനുഭവപ്പെട്ടത്. വൈകിട്ട് 8 കഴിഞ്ഞതോടെയാണ് ഇതിന് ശമനമുണ്ടായത്. വഴിയോര കച്ചവടക്കാരെ തേടിയാണ് കൂടുതൽപേരുമെത്തിയത്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമാണ് വഴിയോര കച്ചവടത്തിന് അനുമതി നൽകിയത്. തമ്പാനൂർ,​ ചാല, ​സ്റ്റാച്യൂ, കിഴക്കേകോട്ട എന്നിവിടങ്ങളിലായിരുന്നു മുഖ്യ കേന്ദ്രങ്ങൾ. തുണിത്തരങ്ങൾ, പച്ചക്കറി,​ പലവ്യഞ്ജനം എന്നിവ വില്ക്കുന്ന കടകളിലും പ്രമുഖ വസ്ത്രശാലകളിലും സ്വർണാഭരണ കടകളിലും തിരക്ക് കൂടുതലായിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പലപ്പോഴും ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി.

ഗതാഗതത്തിൽ കുരുങ്ങി...

കേശവദാസപുരം, പാളയം, ​തമ്പാനൂർ, ചാല എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പലപ്പോഴും പരിധിവിട്ടു. കൂടുതൽ പൊലീസ് എത്തിയാണ് പ്രശ്നത്തിന് അല്പമെങ്കിലും പരിഹാരമുണ്ടാക്കിയത്.

വാഹനത്തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കണക്കിലെടുത്തും പൊലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങളെല്ലാം ജനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ പാളുന്ന കാഴ്ചയായിരുന്നു.

പൊലീസ് ഒരുക്കിയിരുന്ന പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങളിൽ ഉൾക്കൊള്ളാനാകുന്നതിനെക്കാൾ കൂടുതൽ വാഹനങ്ങൾ ഉണ്ടായിരുന്നതും സ്ഥിതി വഷളാക്കി.

പല വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലവും മറ്റു ജാഗ്രതാ നിർദ്ദേശങ്ങളും പാലിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് എം.ജി റോഡിൽ പുളിമൂട് മുതൽ കിഴക്കേകോട്ട വരെയുള്ള ഭാഗങ്ങളിൽ സെപ്തംബർ 2വരെ ഉച്ചയ്ക്ക് 2 മുതൽ 9 വരെ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥിനാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.

 പൂവിപണിയിലും തിരക്ക്

ഇത്തവണ പൂവിപണിയും കാര്യമായി താഴോട്ട് പോയില്ല. വലിയ തിരക്കാണ് ഇവിടങ്ങളിലും അനുഭവപ്പെട്ടത്. നഗരവാസികൾക്ക് പൂക്കളമൊരുക്കാൻ വീടുകളിൽ നിന്ന് പൂവ് ലഭിക്കാത്തതാണ് വിപണിയെ ഉഷാറാക്കിയത്. വിവിധ തരത്തിലുള്ള ജമന്തി, അരളി, വാടാമുല്ല, പിച്ചി, മുല്ല എന്നിവയാണ് കൂടുതലായും വിറ്റുപോകുന്നത്.എന്നാൽ സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബുകൾ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള അത്തപ്പൂക്കള മത്സരങ്ങളില്ലാത്തതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കച്ചവടം കുറവായിരുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്.