തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന നടപടി പൊതുസമൂഹത്തിന് ചേർന്നതല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റായ നടപടികളിലൂടെ സ്വയം വിശ്വാസ്യത തകർക്കുന്ന പി.എസ്.സി ചെയർമാനെയും കൂട്ടരെയും വെള്ളപൂശാനുള്ള വിഫലശ്രമമായിട്ടേ കാണാനാവൂ എന്ന് വി.എം.സുധീരൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു.
പി.എസ്.സി.യുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത് നടത്തിപ്പുകാർ തന്നെയാണ്. സംസ്ഥാന ആസൂത്രണബോർഡുമായി ബന്ധപ്പെട്ട നിയമനത്തിലെ അഭിമുഖത്തിൽ നടത്തിയ 'മാർക്ക്ദാനം' പി.എസ്.സി.യുടെ വിശ്വാസ്യത തകർക്കുന്നതായിരുന്നില്ലേ?
കോൺസ്റ്റബിൾ പരീക്ഷയിലെ തട്ടിപ്പുകൾ പി.എസ്.സി.ക്ക് തീരാകളങ്കം വരുത്തിയത് മറക്കാനാവില്ല.
പി.എസ്.സി റാങ്ക്ലിസ്റ്റ് റദ്ദായതിന്റെ നിരാശയിൽ ജീവനുപേക്ഷിക്കേണ്ടി വന്ന കാരക്കോണത്തുള്ള അനു നിരാശരായ യുവസമൂഹത്തിന്റെ പ്രതീകമാണ്. റാങ്ക്പട്ടികയിൽ വന്നിട്ടും നിയമനങ്ങൾ കിട്ടാതെ നിരാശരായി മനോവിഷമം മാദ്ധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചവർക്ക് മൂന്നുവർഷത്തേക്ക് വിലക്കേർപ്പെടുത്തിയ പി.എസ്.സി അധികൃതരുടെ നടപടി ശക്തമായ വിമർശനത്തിനിടയാക്കിയത് എന്തുകൊണ്ട് മുഖ്യമന്ത്രി കണക്കിലെടുക്കുന്നില്ല?
തെറ്റുകൾ തിരുത്തുന്നതിന് പി.എസ്.സി ചെയർമാനെ ഉപദേശിക്കുന്നതിന് പകരം പൊതുസമൂഹത്തെ കുറ്റപ്പെടുത്തുന്നത് അർത്ഥശൂന്യമാണ്. പിൻവാതിൽ നിയമനങ്ങൾക്ക് കളമൊരുക്കുന്ന സർക്കാരിന്റെ തെറ്റുകൾ തിരുത്തിയാലേ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനങ്ങൾ നൽകാനാവൂ. തെറ്റ് തിരുത്താൻ മുഖ്യമന്ത്രിയും പി.എസ്.സിയും തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.