ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനം സർവജനക്ഷേമ പ്രാർത്ഥനാ യജ്ഞമായി ബുധനാഴ്ച ആഘോഷിക്കും. ശാർക്കര ക്ഷേത്രനഗരിയിലെ ഗുരുദേവക്ഷേത്ര മണ്ഡപത്തിൽ രാവിലെ 9.30ന് യൂണിയൻതല പ്രാർത്ഥനായജ്ഞത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തന്റെ അദ്ധ്യക്ഷതയിൽ ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി. സീരപാണി ഗുരുസന്ദേശ പ്രഭാഷണവും എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിൻരാജ് ജയന്തിദിന സന്ദേശവും നൽകും. ഗുരുമണ്ഡപത്തിൽ പ്രാർത്ഥനായജ്ഞത്തിനു രമണി ടീച്ചർ വക്കം നേതൃത്വം വഹിക്കും. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഗുരുക്ഷേത്ര ഭാരവാഹികളായ എസ്. പ്രശാന്തൻ, ചന്ദ്രസേനൻ, പുതുക്കരി സിദ്ധാർത്ഥൻ, എസ്. സുന്ദരേശൻ, അഡ്വ.എ. ബാബു, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക, അജീഷ് കടയ്ക്കാവൂർ, ജി. ജയചന്ദ്രൻ, വക്കം സജി, ഡോ. ജയലാൽ, അജി കീഴാറ്റിങ്ങൽ, എസ് എൻ ട്രസ്റ്റ് ബോർഡംഗം സന്തോഷ് പുതുക്കരി, രാജൻ സൗപർണിക എന്നിവർ സംസാരിക്കും. ശാർക്കര ഗുരുക്ഷേത്രസന്നിധിയിൽ രാവിലെ ഏഴിനു നടക്കുന്ന സഹസ്ര മഹാഗുരുപൂജയിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു വിശ്വാസികൾക്കു പ്രവേശനമുണ്ടാവും. യൂണിയനുകീഴിലെ വിവിധ ശാഖകൾ കേന്ദ്രീകരിച്ചു ഗുരുമന്ദിരങ്ങളിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രാർത്ഥനായജ്ഞം നടക്കും. ഗുരുവിശ്വാസികളും പ്രവർത്തകരും മൈക്രോ ഫിനാൻസ്, കുടുംബ യൂണിറ്റ് അംഗങ്ങളും രാവിലെ ഏഴു മുതൽ വീടുകളിൽ ഗുരുദേവ ഛായാചിത്രത്തിനു മുന്നിൽ ദൈവദശക കീർത്തനാലാപനത്തോടെ പ്രാർത്ഥനായജ്ഞത്തിൽ പങ്കാളികളാകണമെന്നു യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തനും സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും അറിയിച്ചു. ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ പുലർച്ചെ പുതുക്കരി ഭദ്രകാളീക്ഷേത്രം മേൽശാന്തി ഗുരുകൃപ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹപ്രാർത്ഥന, അഖണ്ഡനാമജപയഞ്ജം, വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, കുങ്കുമാർച്ചന, വിശേഷാൽ ദീപാരാധന എന്നിവ നടക്കും.