collector

തിരുവനന്തപുരം: സ്വർണക്കരയുള്ള സെറ്റ് സാരിയുടുത്ത് തനി മലയാളി മങ്കയായി ഓണസന്ദേശം നൽകി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ. തലസ്ഥാനവാസികൾക്ക് ഓണാശംസ നേർന്നും കൊവിഡ് സാഹചര്യത്തിൽ പാലിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചും ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലാണ് കേരളീയ വേഷത്തിൽ കളക്ടറെത്തിയത്. പൂർണമായും മലയാളത്തിലാണ് പഞ്ചാബ് സ്വദേശിയായ കളക്ടറുടെ സന്ദേശം.

ഓരോ മലയാളികളും ആഗ്രഹത്തോടെ കാത്തിരിക്കുന്ന ആഘോഷവേളയാണ് ഓണമെന്നും ഓണം നൽകുന്നത് ഒരുമയുടെ സന്ദേശമാണെന്നും കളക്ടർ പറഞ്ഞു. എന്നാൽ കൊവിഡിന്റെ സാഹചര്യത്തിൽ ഈ ഒരുമ മറ്റൊരു വിധത്തിലാണ് നാം കാണിക്കേണ്ടത്. വീട്ടിൽ തന്നെയാകണം ഓണം ആഘോഷിക്കേണ്ടത്. മാവേലിയെ വീട്ടിലിരുന്ന് വരവേൽക്കണം. പ്രാദേശികമായ കൂടിച്ചേരലുകൾ ഒഴിവാക്കണം. മാർക്കറ്റിൽ പോകുമ്പോൾ ക്യൂ പാലിക്കണം,​ മാസ്ക് ധരിക്കണം. ഇത്തവണത്തെ ഓണം വളരെ ഉത്തരവാദിത്വപരമായി,​ കരുതലോടെ ആഘോഷിക്കണം. സാമൂഹിക അകലം പാലിച്ചും എന്നാൽ ഹൃദയങ്ങൾക്കൊണ്ട് അടുത്തും ഇത്തവണ ഓണം ആഘോഷിക്കാമെന്നും സന്ദേശത്തിൽ കളക്ടർ പറഞ്ഞു.