ktu

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എല്ലാ സെമസ്റ്ററുകളിലെയും സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 9 മുതൽ ആരംഭിക്കും. കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലിലഭിച്ചവർക്കും ഉന്നതപഠനത്തിന് പ്രവേശനം ലഭിച്ചവർക്കും അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് പരീക്ഷകളെല്ലാം ഉടൻ നടത്തുന്നതെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു. മുൻ സെമസ്റ്ററുകളിലെ ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടതുമൂലം കാമ്പസ് പ്ലേസ്‌മെന്റ് വഴി ലഭിച്ച ജോലികൾ നഷ്ടപെടുമെന്ന ആശങ്കയിൽ സപ്ലിമെന്ററി പരീക്ഷകൾ നടത്തി ഫല പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും നിരന്തരമായി അവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വിദ്യാർത്ഥികൾക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് എല്ലാ സ്ഥാപന മേധാവികളും ജില്ലാ ഭരണകൂടവുമായോ ആരോഗ്യ വകുപ്പുമായോ ബന്ധപ്പെടണമെന്നും സർവകലാശാല നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികൾക്കുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ സർവകലാശാല ഉടൻ പുറത്തിറക്കും.
ആഗസ്റ്റിൽ നടത്തിയ അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലങ്ങൾ സെപ്തംബർ ഇരുപതിന് മുമ്പ് പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നതെന്നും വൈസ് ചാൻസലർ അറിയിച്ചു