വെള്ളറട/തിരുവനന്തപുരം:പി.എസ്.സി.യുടെ സിവിൽ എക്സൈസ് ഒാഫീസർ റാങ്ക് ലിസ്റ്റ് റദ്ദാക്കാതിരുന്നെങ്കിൽ പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന അനു ഇന്ന് ഒാണം ഉണ്ണാനുണ്ടാകുമായിരുന്നു.
സിവിൽ എക്സൈസ് ഒാഫീസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിലിൽ കഴിഞ്ഞെങ്കിലും ജൂൺ 19 വരെ നീട്ടി. 72 പേർക്കാണ് നിയമനം കിട്ടിയത്. ജോലിക്ക് റിപ്പോർട്ട് ചെയ്യാത്തവരുടെ ഒഴിവുകൾ ചേർത്ത് നിയമനം നടത്തിയിരുന്നെങ്കിൽ ആദ്യ നൂറ് റാങ്കിൽപ്പെട്ടവർക്കും നിയമനം കിട്ടുമായിരുന്നു. കൊവിഡ് മൂലം പ്രമോഷൻ നടത്താതിരുന്നതും ഒഴിവുകൾ പുനർനിർണ്ണയിക്കാത്തതും ഡി.ജെ.ആർ. ഒഴിവുകൾ ഉൾപ്പെടുത്താത്തതും കാരണമാണ് നിയമനം നടക്കാതെ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത്.
രാത്രി വൈകുവോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്ത മനോവിഷമത്തിലായിരുന്നു മകനെന്ന് അച്ഛൻ പറഞ്ഞു. ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റിൽ വന്നിരുന്നെങ്കിലും കായികക്ഷമതയിൽ വിജയിക്കാനായില്ല.
എം കോം ബിരുദധാരിയാണെങ്കിലും അച്ഛനു തുണയാകാൻ കൂലി ജോലിക്ക് സുഹൃത്തുക്കളോടൊപ്പം പോകുമായിരുന്നു. ഐ. എൻ. ടി. യു. സി ഹെഡ് ലോഡ് തൊഴിലാളിയായ പിതാവ് സുകുമാരൻ നായർ സ്ഥിരമായി ലഭിക്കാത്തതുകാരണം നിലമാംമൂട്ടിലെ ഹോട്ടലിൽ പണിയെടുത്താണ് രണ്ടു മക്കളെയും നല്ല രീതിയിൽ പഠിപ്പിച്ചത്. പഞ്ചായത്തിൽ നിന്നു വീട് ലഭിക്കാത്ത സാഹചര്യത്തിൽ ബാങ്ക് വായ്പയെടുത്ത് നാലു സെന്റിനുള്ളിൽ രണ്ടുനിലയായി ചെറിയവീട് നിർമ്മിച്ചത്. മകന് ജോലി ലഭിക്കുമെന്നും വായ്പ തിരിച്ചടയ്ക്കാൻ കഴിയുമെന്നും കുടുംബം സ്വപ്നം കണ്ടു. ചെറുപ്പക്കാർക്ക് പി.എസ്.സി പരീക്ഷ എഴുതാൻ പരിശീലനം നൽകാനും അനു മുൻപന്തിയിലുണ്ടായിരുന്നു.
പി.എസ്.സി ചെയർമാന്റെ വീടിന് മുന്നിൽ പ്രതിഷേധ വേലിയേറ്റം
പൊന്നാനി: തിരുവനന്തപുരത്ത് റാങ്ക് ഹോൾഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ സക്കീറിന്റെ പെരുമ്പടപ്പിലെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഉച്ചയ്ക്ക് മൂന്ന് മുതൽ എം.എസ്.എഫും പിന്നാലെ യൂത്ത് കോൺഗ്രസും യുവമോർച്ച പ്രവർത്തകരും പ്രതിഷേധവുമായെത്തി. ചെയർമാന്റെ വസതിക്ക് 200 മീറ്റർ അകലെ വൻ പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.
അനു സർക്കാർ നടപടികളുടെ
രക്തസാക്ഷി: ചെന്നിത്തല
തിരുവനന്തപുരം: വെള്ളറടയിലെ യുവാവിന്റെ ആത്മഹത്യയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ തെറ്റായ നടപടികളുടെ രക്തസാക്ഷിയാണ് അനു. റാങ്ക് ലിസ്റ്റ് മൂന്ന് മാസം നീട്ടിയിരുന്നെങ്കിൽ ഈ അവസ്ഥയുണ്ടാകുമായിരുന്നില്ല. ഗവൺമെന്റ് അന്വേഷണം നടത്തി കുടുംബത്തിന് സഹായം നൽകണം. 72 പേർക്ക് മാത്രമേ നിയമനം ലഭിച്ചുള്ളൂ. എക്സൈസ് ഇൻസ്പെക്ടർ പോസ്റ്റിൽ നിലവിൽ 94 വേക്കൻസികളുണ്ട്. അതിൽ നിയമനം നടന്നിരുന്നുവെങ്കിൽ താഴെത്തട്ടിലുള്ള സിവിൽ എക്സൈസസ് ഓഫീസർ തസ്തികയിൽ 47 വേക്കൻസികൾ ഉണ്ടാകുമായിരുന്നു. പക്ഷേ സീനിയോരിറ്റി തർക്കം കാരണം പ്രൊമോഷൻ നടക്കുന്നില്ല.
കേസെടുക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയർമാനും എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമന നിരോധനത്തിന്റെയും പി.എസ്.സിയുടെ യുവജന വിരുദ്ധ നിലപാടിന്റെയും ഇരയാണ് ആത്മഹത്യ ചെയ്ത അനു. അനുവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും 25 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയ്യാറാവണം. പത്താംക്ലാസ് പാസാവാത്ത സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ ജോലി ലഭിക്കുന്ന സംസ്ഥാനത്താണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച യുവാവിന് ജോലി ഇല്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്നത്.