രണ്ട് വനിത യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് ചാടിക്കടന്നു
തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർത്ഥിയായ തിരുവനന്തപുരം കാരക്കോണം സ്വദേശി അനുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ്, യുവമോർച്ച, എ.ബി.വി.പി, കെ.എസ്.യു, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് മാർച്ച് നടത്തിയത്. രാവിലെ നടന്ന യുവമോർച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നോർത്ത് ഗേറ്റിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി.
ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, പാറശ്ശാല മണ്ഡലം ജനറൽ സെക്രട്ടറി ഷിജു എന്നിവർക്ക് പരിക്കേറ്റു. രാവിലെ നടന്ന എ.ബി.വി.പി മാർച്ചിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു. വൈകിട്ട് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലുവിന് തലയ്ക്ക് പരിക്കേറ്റു.
സെക്രട്ടേറിയറ്റിൽ വീണ്ടും സുരക്ഷാവീഴ്ച
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ രണ്ട് വനിതാ പ്രവർത്തകർ സെക്രട്ടേറിയറ്റിനുള്ളിൽ ചാടിക്കടന്നു. വീണ എസ്. നായർ, റിജി റഷീദ് എന്നിവരാണ് നോർത്ത് ഗേറ്റിലെ മതിൽ ചാടിക്കടന്നത്. സംഭവ സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാതിരുന്നതിനാൽ മറ്റ് പൊലീസുകാർക്ക് ഇവരെ തടയാൻ സാധിച്ചില്ല. തുടർന്ന് വനിത പൊലീസെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സെക്രട്ടേറിയറ്റിനു ചുറ്റും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പൊലീസ് സുരക്ഷയൊരുക്കിയതിനു പിന്നാലെയാണ് ഈ സുരക്ഷാവീഴ്ച.