pic3

നാഗർകോവിൽ: കൊവിഡ് ബാധിച്ച്​ മരിച്ച തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും കന്യാകുമാരി എം.പിയുമായ വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.

ഇന്നലെ ജന്മനാടായ അഗസ്തീശ്വരത്തിലെ തോട്ടത്തിൽ വച്ചാണ് സംസ്‌കാരം നടന്നത്. തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി ദളവായി സുന്ദരം, മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, കന്യാകുമാരി കളക്ടർ പ്രശാന്ത് എം.എം വഡ്‌നേരെ, എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ, മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ്, കരൂർ എം.പി ജ്യോതിമണി, കന്യാകുമാരിയിലെ എം.എൽ.എമാരാർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

കഴിഞ്ഞ 10 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വസന്ത്കുമാർ. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഒരാഴ്ചയിലേറെ വെന്റിലേറ്ററിൽ കഴിഞ്ഞ എം.പിക്ക് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ പിടിപെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് മരിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ 9 ന് ചെന്നൈ സത്യമൂർത്തി ഭവനിൽ പൊതു ദർശനത്തിന് വച്ച മൃതദേഹം, രാത്രി 12 മണിയോടെ ആംബുലൻസിൽ അഗസ്തീശ്വരത്തിലെ വസന്തകുമാറിന്റെ വീട്ടിൽ എത്തിച്ചു. ഇന്നലെ രാവിലെ 10ന് മൃതദേഹം ഘോഷയാത്രയായി ഒരു കിലോമീറ്റർ അകലെയുള്ള മണ്ണാർകോവിലിലെ തോട്ടത്തിൽ എത്തിച്ച് സംസ്‌കരിച്ചു. അവസാനമായിട്ട് തങ്ങളുടെ നേതാവിനെ കാണാൻ ആയിരങ്ങളാണ് എത്തിയത്. നിലവിൽ തമിഴ്നാട് കോൺഗ്രസ് ഘടകം വർക്കിംഗ് പ്രസിഡന്റാണ് വസന്തകുമാർ. തമിഴ്നാട്ടിലും കർണാടകത്തിലുമായി 82 ബ്രാഞ്ചുകളുള്ള 'വസന്ത് ആൻഡ് കോ ' യുടെ സ്ഥാപകനും വസന്ത് ടി.വി എം.ഡിയുമാണ്.