ശ്രീകാര്യം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ദിനമായ സെപ്തംബർ 2 ന് രാവിലെ 10 ന് ഓൺലൈൻ ലൈവായി സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രസംഗവും ശിവഗിരിമഠം ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹപ്രഭാഷണവും ജയന്തി സന്ദേശവും നൽകും.
രാവിലെ 5 ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ തുടങ്ങിയവയോടെയാണ് ജയന്തി ദിനചടങ്ങുകൾ ആരംഭിക്കുന്നത്. 6 ന് തിരുപിറവി വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും 11.30 ന് വിശേഷാൽ ഗുരുപൂജയും. വൈകിട്ട് 6.30ന് വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും ഉണ്ടായിരിക്കും. ജയന്തി സമ്മേളനം ശ്രീനാരായണ ഗുരുകുലത്തിന്റെ FACEBOOK (https://www.facebook.com/SreeNarayanaGurukulamChempazhanthy) പേജിലൂടെ ലോകത്തുള്ള എല്ലാ ഭക്തജനങ്ങൾക്കും തത്സമയം കാണുന്നതിനുള്ള സൗകര്യങ്ങൾ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ അന്നദാനം ഉൾപ്പെടെയുള്ള മറ്റ് ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.