guru-01

തിരുവനന്തപുരം : നാടിന്റെ പൊതുബോധത്തിലേക്ക് നവോത്ഥാന വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുദേവൻെറ വെങ്കല പ്രതിമ തലസ്ഥാന നഗരിയിൽ നൂറു ദിവസത്തിനുള്ളിൽ മിഴിതുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

. ഗുരുദേവന്റെ ചരിത്ര പ്രസിദ്ധമായ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാനത്ത് ഗുരുദേവ പ്രതിമ സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനമാണ് യാഥാർത്ഥ്യമാവുന്നത്. കനകക്കുന്ന് കൊട്ടാരത്തിന് എതിർവശം വാട്ടർ അതോറിട്ടിയുടെ കൽമണ്ഡപത്തിന് ചുറ്റുമുള്ള പ്രദേശത്ത് സാംസ്‌കാരിക വകുപ്പ് തയ്യാറാക്കുന്ന പാർക്കിലാണ് പ്രതിമ സ്ഥാപിക്കുന്നത്. റവന്യൂ വകുപ്പിന്റെ 20 സെന്റ് ഇതിനായി കൈമാറിയിട്ടുണ്ട്.

ഒരു വർഷത്തോളമായി കണ്ണൂരിലെ പയ്യന്നൂർ കാനായി സ്വദേശിയായ ഉണ്ണി കാനായി പ്രതിമയുടെ പണിപ്പുരയിലാണ്. യുഗപ്രഭാവൻെറ എട്ടടി ഉയരമുള്ള പ്രതിമ,.ഗ്രാനൈറ്റ് പാകിയ പത്തടി ഉയരത്തിലുള്ള പീഠത്തിന് മുകളിലാവും സ്ഥാപിക്കുക. പ്രതിമയെ ചുറ്റിയുള്ള പാർക്കിൽ പൂന്തോട്ടവും സന്ദർശകർക്കായി ഇരിപ്പിടങ്ങളും ഒരുക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഗുരുദേവനുമായി ബന്ധപ്പെട്ട ചരിത്ര മുഹൂർത്തങ്ങൾ ആലേഖനം ചെയ്യും. ഗുരുദേവ പ്രതിമയുടെയും പാർക്കിന്റെയും നിർമ്മാണച്ചെലവ് 1. 19 കോടിയാണ്. ഇതിൽ 39 ലക്ഷം വെങ്കല പ്രതിമയ്ക്കും 80 ലക്ഷം പാർക്കിനുമാണ്.

' നി‌ർമ്മാണം അവസാനഘട്ടത്തിലാണ്. രണ്ട് മാസത്തിനുള്ളിൽ എല്ലാ പണികളും പൂ‌ർത്തിയാവും. '

- ഉണ്ണി കാനായി,

ശിൽപി