തിരുവനന്തപുരം: വിവിധ ക്ഷേമ പെൻഷനുകൾ 100 രൂപ വീതം കൂട്ടിയും, റേഷൻകട വഴിയുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നാല് മാസത്തേക്കു കൂടി നീട്ടിയും അധികാരത്തിന്റെ അവസാന വർഷം സർക്കാരിന്റെ തിരുവോണ സമ്മാനം.
അടുത്ത നൂറു ദിവസത്തിനകം പൂർത്തിയാക്കുന്നതും തുടങ്ങാനാകുന്നതുമായ നൂറ് പദ്ധതികൾ ഉത്രാട ദിനത്തിലെ പ്രത്യേക വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
കോളേജ്, ഹയർ സെക്കൻഡറി തലങ്ങളിൽ 1000 പുതിയ തസ്തികകൾ സൃഷ്ടിക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് പരമാവധി ആശ്വാസമെത്തിക്കും. മാസം തോറും പെൻഷൻ വിതരണം ചെയ്യും. ഈ സർക്കാരിന്റെ ഏറ്റവും നല്ല പ്രവൃത്തി സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിലെ മാറ്റങ്ങളാണ്. യു.ഡി.എഫ് സർക്കാർ ഭരണമൊഴിയുമ്പോൾ 600 രൂപയായിരുന്ന പെൻഷൻ ക്രമമായി 1300 രൂപയാക്കി. ഗുണഭോക്താക്കളുടെ എണ്ണം 35 ലക്ഷത്തിൽ നിന്ന് 58 ലക്ഷമാക്കിയി ഉയർത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ടെസ്റ്റുകൾ
പ്രതിദിനം അരലക്ഷം .
കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമാക്കും.
153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. രാവിലെയും വൈകുന്നേരവും ഒ.പി
മെഡിക്കൽ കോളേജ്/ ജില്ലാ/ ജനറൽ / താലൂക്ക് ആശുപത്രികളുടെ ഭാഗമായി 24 പുതിയ
കെട്ടിടങ്ങൾ.
10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, 9 സ്‌കാനിംഗ് കേന്ദ്രങ്ങൾ, 3 പുതിയ കാത്ത് ലാബുകൾ, 2 ആധുനിക കാൻസർ ചികിത്സാ സംവിധാനങ്ങൾ.
5 ലക്ഷം കുട്ടികൾക്ക്
ലാപ്‌ടോപ്പ്
അഞ്ച് ലക്ഷം കുട്ടികൾക്ക് കെ.എസ്.എഫ്.ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ലാപ്‌ടോപ്പുകൾ എത്തിക്കാൻ വിദ്യാശ്രീ പദ്ധതി
5 കോടി വീതം മുടക്കി 35- ഉം, 3 കോടി വീതം ചെലവിൽ- 14 ഉം സ്‌കൂൾ കെട്ടിടങ്ങൾ. 11,400 സ്‌കൂളുകളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ.
സർക്കാർ, എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ. ആദ്യ 100 കോഴ്സുകൾ സെപ്തംബർ 15-നകം.
126 കോടി രൂപ മുടക്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 32 കെട്ടിടങ്ങൾ.
പ്രകടനപത്രികയിലെ ഓരോ കാര്യവും പുതിയ കാലത്തെ പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന ഉറപ്പാണ് സർക്കാരിന്റെ ഓണസന്ദേശം
- പിണറായി വിജയൻ
മുഖ്യമന്ത്രി
ജനുവരിയിൽ
സ്‌കൂൾ തുറക്കും
തിരുവനന്തപുരം: കൊവിഡിനെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരിയോടെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു വർഷത്തോളം വിദ്യാലയ അന്തരീക്ഷത്തിൽ നിന്ന് മാറിനിന്ന കുട്ടികൾ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കാൻ പദ്ധതി ആവിഷ്കരിക്കും. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിടനിർമാണം നടക്കുന്നുണ്ട്. 11,400 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സജ്ജീകരിക്കും. 10 ഐ.ടി.ഐകൾ ഉദ്ഘാടനം ചെയ്യും. സർക്കാർ എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ 100 കോഴ്സുകൾ സെപ്തംബർ 15നകം പ്രഖ്യാപിക്കും. കെ.എസ്.എഫ്.ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളിൽ ആരംഭിക്കും.