വെള്ളറട/ നെയ്യാറ്റിൻകര/ തിരുവനന്തപുരം: പ്രതീക്ഷയോടെ കാത്തിരിക്കെ പി.എസ്.സി റാങ്ക്ലിസ്റ്റ് റദ്ദായതിനെ തുടർന്ന് സർക്കാർ ജോലിയെന്ന സ്വപ്നം പൊലിഞ്ഞതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മനസ്സാക്ഷിയെ ഉലച്ച സംഭവത്തിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ അമർഷം, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മൃതദേഹവുമായെത്തി പ്രതിഷേധിക്കുന്നതിൽ വരെയെത്തി. ഇതോടെ, ഉദ്യോഗ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചുരുക്കം നിയമനങ്ങൾ നടത്തി കാലാവധി കഴിഞ്ഞെന്ന പേരിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കുകയും ചെയ്യുന്ന പതിവിൽ പ്രതിഷേധം ശക്തമാവുകയാണ്.
സിവിൽ എക്സൈസ് ഒാഫീസർ തസ്തികയ്ക്കായുള്ള പി.എസ്.സി ലിസ്റ്റിൽ 77-ാം റാങ്ക് നേടിയ നെയ്യാറ്റിൻകര കുന്നത്തുകാൽ കാരക്കോണം തട്ടിട്ടമ്പലം റോഡരികത്ത് വീട്ടിൽ അനുവാണ് (28) ഇന്നലെ പുലർച്ചെ നാലരയോടെ വീടിനകത്ത്, ഫാനിൽ ജീവനൊടുക്കിയത്. ഐ.എൻ.ടി.യു.സി തൊഴിലാളി സുകുമാരൻ നായരുടെയും ദേവികയുടെയും മകനാണ് അനു. നാലുസെന്റ് ഭൂമിയും ചെറിയ വീടും മാത്രം സമ്പാദ്യമായുള്ള കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു എം.കോം ബിരുദധാരിയായ അനു. കൂലിപ്പണി ചെയ്തും ട്യൂഷൻ പഠിപ്പിച്ചുമുള്ള വരുമാനത്തിലായിരുന്നു പഠനം. അനുവിന്റെ മുറിയിൽ നിന്നു കിട്ടിയ ആത്മഹത്യാ കുറിപ്പിൽ, നിരാശ കാരണം ജീവനൊടുക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ റാങ്ക് ലിസ്റ്റ് കാലാവധി പൂർത്തിയെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ജൂൺ 19 വരെ നീട്ടിയതിലായിരുന്നു അനുവിന്റെ പ്രതീക്ഷ. 72 പേർക്കാണ് നിയമനം കിട്ടിയത്. റാങ്ക് ലിസ്റ്റ് റദ്ദായ ശേഷം രണ്ടര മാസത്തോളമായി കടുത്ത നിരാശയിലായിരുന്നു അനു. സംഭവത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കും ദുരന്തമുണ്ടായ കാരക്കോണത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവിന്റെ വീട് സന്ദർശിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹവുമായി വൈകിട്ട് അഞ്ചരയോടെ ആംബുലൻസിൽ ക്ളിഫ് ഹൗസിനു മുന്നിലെത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസ് അറസ്റ്റിന് ഒരുങ്ങിയെങ്കിലും മുതിർന്ന ഓഫീസർമാർ തടഞ്ഞു. ഡി.സി.പി ദിവ്യ ഗോപിനാഥ് ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് പ്രവർത്തകർ ശാന്തരായത്. മൃതദേഹം അനുവിന്റെ അമ്മയുടെ കുടുംബ വസതിയായ മഞ്ചവിളാകം തൃപ്പല്ലൂരിൽ രാത്രി എട്ടു മണിയോടെ സംസ്കരിച്ചു.
"എല്ലാത്തിനും കാരണം
ജോലി ഇല്ലായ്മ,സോറി."
കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ സോറി.
അനു,ആത്മഹത്യാ കുറിപ്പ്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ല
നിയമനം വെറും30 %
150
ഇക്കഴിഞ്ഞ ജനുവരി മുതൽ നൂറ്റമ്പതിലധികം റാങ്ക് ലിസ്റ്റുകളാണ് മുപ്പത് ശതമാനത്തിന് താഴെ നിയമനം നൽകി അവസാനിച്ചത്.വിവിധ വകുപ്പുകളിൽ നിന്ന് യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം നടക്കാത്തതിന് കാരണം.
ജൂണിൽ അവസാനിച്ച പൊലീസ് ലിസ്റ്റിലെ ഏഴു ബറ്റാലിയനിലേക്കുള്ള നിയമത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ജൂലായ് ,ആഗസ്റ്റ് മാസങ്ങളിലായി കാലാവധി അവസാനിക്കുന്ന നിരവധി ലിസ്റ്റുകളിലും കാര്യമായ നിയമനം നടന്നില്ല. .
ജൂണിൽ അവസാനിച്ച ലിസ്റ്റുകളും നിയമനവും (ശതമാനത്തിൽ)ലാസ്റ്റ് ഗ്രേഡ്: 8,സിവിൽ എക്സൈസ് ഓഫീസർ: 6,സിവിൽ പൊലീസ് ഓഫീസർ :-35 ,സപ്ലൈകോ സെയിൽസ്മാൻ : 20,കമ്പനി/ബോർഡ്/കോർപറേഷൻ: 20