ഓണത്തിന് ബിസ്കറ്റ് മാത്രം കഴിച്ച ഓർമ്മയിൽ മുരളീധരൻ
തിരുവനന്തപുരംം: കൊവിഡിന്റെ കാർമേഘത്തിൽ പൊലിമ കുറഞ്ഞതിനാൽ നേതാക്കളും ഓണമാഘോഷിക്കുന്നത് ലളിതമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവോണ ദിവസം ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തന്നെയായിരിക്കും. ഓണത്തിന് പ്രത്യേക ആഘോഷമൊന്നുമില്ല. പൊതുപരിപാടികളുമില്ല. കുടുംബാംഗങ്ങളെല്ലാം ഇവിടെത്തന്നെയുണ്ട്. വടക്കൻ കേരളത്തിൽ പലയിടത്തും ഓണത്തിന് സസ്യേതര ഭക്ഷണങ്ങളും ഉണ്ടാവുമെന്നതിനാൽ മുഖ്യമന്ത്രിയുടെ വീട്ടിലും ഓണസദ്യക്ക് നോൺ വെജിറ്റേറിയൻ വിഭവമുണ്ടായേക്കും.
ലോക്ക് ഡൗണിന്റെ തുടക്കം മുതൽ ഡൽഹിയിലായിരുന്ന കേന്ദ്രസഹമന്ത്രി വി. മുരളീധരന് പതിവ് പോലെ ഭാര്യ ഡോ.കെ.എസ്. ജയശ്രീയുടെ ബന്ധുക്കളുടെ കൂടെയായിരിക്കും ഓണം. ജയശ്രീയുടെ അമ്മ ആനന്ദവല്ലിയമ്മ തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് സഹോദരിയുടെ കൂടെയായതിനാൽ അവിടെയായിരിക്കും ഓണസദ്യ. വിഷുവിന് എല്ലാവർഷവും തലശ്ശേരിയിൽ അമ്മയുടെ കൂടെയായിരുന്നു ആഘോഷം. അമ്മയുടെ ശ്രാദ്ധത്തിനായി ശനിയാഴ്ച തലശ്ശേരിയിലെ വീട്ടിലെത്തിയ മുരളീധരൻ ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെത്തും. കഴിഞ്ഞതിന് മുൻപിലത്തെവർഷം തിരുവോണത്തിന് ഒരു ബിസ്കറ്റും ചായയും മാത്രമാണ് കിട്ടിയതെന്ന് മുരളീധരൻ ഓർത്തു. രാജ്യസഭ എം.പിയായ ഉടനെയായിരുന്നു അത്. വിദേശ കാര്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയോഗമായിരുന്നു അന്ന്. കരിപ്പൂരിലെ വിമാനാപകട സ്ഥലത്തും ഇടുക്കി പെട്ടിമുടിയിലെ ദുരന്തസ്ഥലത്തും എത്താൻ വേണ്ടിയാണ് ലോക്ക് ഡൗണിന് ശേഷം മുരളീധരൻ കേരളത്തിലേക്ക് വന്നത് .
അമ്മ തിരുവനന്തപുരത്തായതിനാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓണം ഇത്തവണ തിരുവനന്തപുരത്താണ്. സാധാരണ ചെന്നിത്തലയിലെ കുടുംബവീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഓണം. ഭാര്യ അനിതയും മക്കളും കൂടെയുണ്ട്. എന്നാൽ സദ്യയല്ലാതെ മറ്റ് ആഘോഷങ്ങളൊന്നുമുണ്ടാകില്ല.
രാജ്ഭവനിലും ഇക്കുറി നിറപ്പകിട്ടാർന്ന ഒാണാഘോഷമില്ല. പൂക്കളമിട്ടും ജീവനക്കാർക്കൊപ്പം ഒാണസദ്യയുമായിരുന്നു പതിവ്. ഇക്കുറി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്‌മാ ആരിഫും മാത്രമാണ് രാജ്ഭവനിൽ ഇലയിട്ട് ഒാണമുണ്ണുക. ഇന്നലെ പൂജപ്പുര ജുവനൈൽ ഹോമിലെ അന്തേവാസികൾക്ക് ഗവർണർ ഒാണക്കോടി സമ്മാനിച്ചു. കഴിഞ്ഞ ഒാണത്തിനാണ് ഉത്തർപ്രദേശിലെ ബുലന്ത്ഷഹർ സ്വദേശിയായ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിൽ എത്തിയത്.