കൊല്ലം: ഇരവിപുരം വാളത്തുംഗലിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടംകൂടി പണം വച്ച് ചീട്ടുകളിച്ച അഞ്ച് പേർ അറസ്റ്റിലായി. ശരവണ നഗർ 42ൽ ഷാജി (47), തഴുത്തല പ്ലാവിള വീട്ടിൽ ഷാനവാസ് (40), മുണ്ടയ്ക്കൽ പറക്കോട് പടിഞ്ഞാറ്റതിൽ ഗിരി (45), തെക്കേവിള മുടിയിലഴികം വീട്ടിൽ ദേവാനന്ദൻ (59), മൈലാപ്പൂർ മുണ്ടന്റഴികം വീട്ടിൽ ഷെഫീക് (40) എന്നിവരാണ് പൊലീസ് പിടിയിലായത്. ഷാജി വാടകയ്ക്ക് എടുത്ത വാളത്തുംഗൽ ശരവണനഗർ 41-ാം നമ്പർ വീട്ടിലായിരുന്നു ചീട്ടുകളി. ഇവരിൽ നിന്ന് 12,970 രൂപയും പൊലീസ് പിടിച്ചെടുത്തു. ഇരവിപുരം പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.