തിരുവനന്തപുരം: ഇക്കഴിഞ്ഞ ജനുവരി മുതൽ നൂറ്റമ്പതിലധികം റാങ്ക് ലിസ്റ്റുകളാണ് മുപ്പത് ശതമാനത്തിന് താഴെ നിയമനം നൽകി അവസാനിച്ചത്.വിവിധ വകുപ്പുകളിൽ നിന്ന് യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം നടക്കാത്തതിന് കാരണം.
മാർച്ച് 19 ന് കാലാവധി അവസാനിച്ച നൂറോളം പി.എസ് .സി റാങ്ക് ലിസ്റ്റുകളിൽ കാര്യമായ നിയമനം നടക്കാത്തതിനാൽ മൂന്നു മാസം കൂടി നീട്ടിയിരുന്നു. എന്നാൽ നിയമനം പിന്നീടും നടന്നില്ല.ജൂണിൽ അവസാനിച്ച പൊലീസ് ലിസ്റ്റിലെ ഏഴു ബറ്റാലിയനിലേക്കുള്ള നിയമത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ജോലി കിട്ടുമെന്ന് കരുതിയിരുന്ന നൂറ് കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ് നഷ്ടമായത്.ജൂലായ് ,ആഗസ്റ്റ് മാസങ്ങളിലായി കാലാവധി അവസാനിക്കുന്ന നിരവധി ലിസ്റ്റുകളിലും കാര്യമായ നിയമനം നടന്നില്ല. കഴിഞ്ഞ മാസം 20 ന് അവസാനിച്ച ലക്ച്ചറർ ഇൻ ഇംഗ്ലീഷ് കോളേജ് വിദ്യാഭ്യസം , 24 ന് അവസാനിച്ച അഗ്രികൾച്ചർ ഓഫീസർ അടക്കമുള്ള വലുതും ചെറുതുമായ മുപ്പതിലധികം റാങ്ക് ലിസ്റ്റുകളിലുള്ളവരുടെയും പ്രതീക്ഷ അസ്ഥാനത്തായി.
അനുവിന് ജോലി കിട്ടാത്തത് എൻ.ജെ.ഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ
ഇന്നലെ ആത്മഹത്യ ചെയ്ത കാരക്കോണം സ്വദേശി അനുവിന് പി.എസ്.സി ലിസ്റ്റിൽ ഉയർന്ന് റാങ്കുകാരനായിട്ടും ജോലി കിട്ടാത്തതിന് കാരണം എൻ.ജെ.ഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലെന്ന് ആരോപണം. ജൂൺ 19ന് ലാപ്സായ നൂറോളം ലിസ്റ്റുകളിൽപ്പെട്ടതാണ് അനു ഉൾപ്പെട്ട സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ്. ആയിരക്കണക്കിന് റിട്ടയർമെന്റ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പേ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയാണ്.