തിരുവനന്തപുരം: രാജ്യത്ത് തിരഞ്ഞെടുപ്പുകൾക്ക് ഒറ്രവോട്ടർ പട്ടിക കേന്ദ്രം തയ്യാറാക്കുമ്പോൾ അത് വാർഡ് അടിസ്ഥാനത്തിലായിരിക്കണമെന്നും അല്ലെങ്കിൽ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കാനാകില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസംബ്ലി ബൂത്ത് വോട്ടർപട്ടിക അതേപടി തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു അസംബ്ലി ബൂത്ത് പ്രദേശത്ത് ഒന്നോ അതിലധികമോ തദ്ദേശ വാർഡ് പ്രദേശങ്ങൾ ഭാഗികമായി ഉൾപ്പെടുന്നതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡുകൾക്ക് പ്രത്യേകം പട്ടിക തയ്യാറാക്കുകയാണ് പതിവ്. ഇക്കാര്യങ്ങൾ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ കേന്ദ്രകമ്മീഷനെ ഇതിനോടകം അറിയിച്ചിട്ടുണ്ട്.