തിരുവനന്തപുരം: കർണാടകയിൽ നഴ്സിംഗ് വിദ്യാർത്ഥികളായ കുട്ടികൾക്ക് ബുധനാഴ്ച ആരംഭിക്കുന്ന ബി.എസ്.സി നഴ്സിംഗ് പരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനായി യാത്രാസൗകര്യം ചെയ്തുകൊടുക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാരിൽ നടത്തിയ ഇടപെടൽ വിജയം കൈവരിച്ചുവെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല വാർത്താകുറിപ്പിൽ വ്യക്തമാക്കി. ബംഗളുരുവിലെ ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ മേധാവി പി.വി പ്രസാദ് കേരളത്തിലുള്ള കുട്ടികളെ പരീക്ഷയ്ക്ക് എങ്ങനെ എത്തിക്കുമെന്ന പ്രശ്നത്തിൽ ഇടപെടണമെന്ന് സംഘടനയോട് അഭ്യർത്ഥിക്കുകയുണ്ടായി. തുടർന്ന് വിഷയം കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. തിരുവോണ ദിവസം ഉച്ചകഴിഞ്ഞ് വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ സ്പെഷ്യൽ ബസിൽ ബംഗളുരുവിലേക്ക് യാത്ര തിരിക്കുകയാണ്.