മലയിൻകീഴ് : ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങി വീണ്ടും മോഷണം നടത്തിയ കേസിൽ ക്രിമിനൽക്കേസ് പ്രതി പിടിയിൽ. പെരുകുളം കൊണ്ണിയൂർ പൊന്നെടുത്ത കുഴി കോളൂർമേലേ പുത്തൻവീട്ടിൽ പറക്കുംതളിക ബൈജു എന്ന ജെയിൻവിക്ടറാണ്(41) വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്. കവർച്ചയ്ക്ക് സൂക്ഷിച്ച മാരകായുധങ്ങളും മോഷ്ടിച്ച ബൈക്കും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്‌കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിളപ്പിൽശാല ഇൻസ്‌പെക്ടർ ബി.എസ് സജിമോൻ,എസ്.ഐ വി.ഷിബു എന്നിവരുടെ നേതൃത്വത്തിൽ വിളപ്പിൽശാല നെടിയവിള ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ബൈജുവിനെ പിടികൂടിയത്. കഴിഞ്ഞ ജൂലായിലാണ് ബൈജു ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അതിന് ശേഷം കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
മോഷണം, കൊള്ള, പിടിച്ചുപറി, കഞ്ചാവ് വില്പന, ഗുണ്ടാആക്രമണം, കൊലപാതകശ്രമം എന്നിവ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ബൈജു. മലയിൻകീഴ് കരിപ്പൂര് എസ്.എൻ ഫർണ്ണിച്ചറിന് മുൻവശത്ത് നിന്ന് പൾസർ ബൈക്ക് കവർന്ന കേസ്, നെടിയവിള സ്വദേശിയെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കുപ്രസിദ്ധ ഗുണ്ട ജംഗോ അനിൽകുമാറുമായി ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ച കേസ്, കൂട്ടാളി എറണാകുളം ബിജുവിനെ കോടതിയിലേക്ക് കൊണ്ടുപോകുന്ന പൊലീസിനെ ആക്രമിച്ച് ഇയാളെ രക്ഷിച്ച കേസ് എന്നിവയെല്ലാം ബൈജുവിന്റെ പേരിലുണ്ട്. ഷാഡോ ടീം എസ്.ഐ ഷിബു, എ.എസ്.ഐമാരായ സുനിലാൽ, സജു, സതികുമാർ, നെവിൽ രാജ്, വിജേഷ് എന്നിവരും ബൈജുവിനെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.