തൃശ്ശിലേരി: താറാവിൻ കൂട്ടില്‍ കയറിയ മലമ്പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയച്ചു. തൃശ്ശിലേരി തെക്കിനി കോട്ടൂരത്തിൽ ശിവജിയുടെ താറാവിൻ കൂട്ടിൽ കയറി ഒരു താറാവിനെ വിഴുങ്ങിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. ഇന്നലെ പുലർച്ചെ പശുവിനെ കറക്കാൻ ശിവജി വീടിനു പുറത്തിറങ്ങിയപ്പോഴാണ് താറാവിൻ കൂട്ടിൽ ശബ്ദം കേട്ടത്. താറാവിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മലമ്പാമ്പിനെ കണ്ട് തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്ററെ വിവരമറിയിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ സുജിത്ത് വയനാട് പാമ്പിനെ പിടികൂടുകയായിരുന്നു. പിടിച്ച് ചാക്കിൽ കയറ്റുന്നതിനിടെ വിഴുങ്ങിയ താറാവിനെ പാമ്പ് ഛർദിച്ചു. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. ഇതിന് 10 അടിയോളം നീളവും 10 കിലോ ഭാരവുമുണ്ട്.