prathikal
പ്രതികൾ

കൽപ്പറ്റ: ലിഫ്റ്റ് നല്‍കിയ ശേഷം യാത്രക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തിൽ മൂന്ന് അംഗ സംഘത്തെ പിടികൂടി. മുട്ടിൽ സ്വദേശികളായ മൂന്ന് പേരെയാണ് കൽപ്പറ്റ എസ്.ഐ മഹേഷ് കുമാറും സംഘവും സാഹസികമായി പിടികൂടിയത്.
കൽപ്പറ്റ കൈനാട്ടിയിൽ നിന്ന് പാലക്കാട് സ്വദേശിയായ യാത്രക്കാരന് കെ.എൽ 73 സി 2284 എയ്‌സ് വാഹനത്തിൽ ലിഫ്റ്റ് നൽകുകയും തുടർന്ന് മുട്ടിലിൽ കൊണ്ടുപോയി പണവും, ഫോണും മറ്റും കവരുകയുമായിരുന്നു. മുട്ടിൽ കുട്ടമംഗലം കൊട്ടാരം ഷാഫി (32), തൃക്കൈപ്പറ്റ നെല്ലിമാളം പുളിക്കപറമ്പിൽ സജിത്ത് (32), എടഗുനി മേലെ പറമ്പിൽ ജംഷീർ (28) എന്നിവരാണ് പിടിയിലായത്.

ഇന്നലെ പുലർച്ചെയാണ് സംഘം പിടിയിലായത്. മൂവരും പല കേസുകളിലും പ്രതികളാണ്. വെള്ളിയാഴ്ച അർധരാത്രിയോടെ കൈനാട്ടിയിൽ നിന്നാണ് പാലക്കാട് സ്വദേശി ഇവരുടെ വാഹനത്തിൽ കയറിയത്. റോഡിൽ നിന്ന് വാഹനങ്ങൾക്ക് കൈകാട്ടിയ ഇയാൾക്ക് ഇവർ ലിഫ്റ്റ് നൽകുകയായിരുന്നു.

മീനങ്ങാടി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരനെ മുട്ടിൽ വരെ കൊണ്ടുപോകുകയും പിന്നീട് വാഹനത്തിൽ വെച്ച് മർദ്ദിക്കുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗും, പണവും, മൊബൈൽ ഫോണും എടുത്ത ശേഷം എ.ടി.എമ്മിൽ നിന്ന് പണമെടുത്ത് നൽകാൻ കവർച്ചാ സംഘം ആവശ്യപ്പെട്ടതായി പരാതിക്കാരൻ പറയുന്നു.

എ ടി എമ്മിലേക്ക് പോകവെ വാഹനത്തിൽ നിന്ന് ചാടിയോടി സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് പ്രതികളെ രക്ഷപ്പെടാൻ ശ്രമിക്കവെ പിടികൂടുകയുമായിരുന്നു.

എ.എസ്.ഐ മണി, സിവിൽ പൊലീസ് ഓഫീസർമാരായ ഷാലു ഫ്രാൻസിസ്, പ്രശാന്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.