കൽപറ്റ: ഭൂമുഖത്തുനിന്നു അപ്രത്യക്ഷമാകുന്ന വൃക്ഷ ഇനങ്ങളുടെ സംരക്ഷണത്തിനും വംശവർധനനവിനുമായി 'ഗോഡ് ട്രീസ് ' (ഗ്രോയിംഗ് ഔവർ ഡൈയിംഗ് ട്രീസ്) കാമ്പയിനുമായി ഡോ.എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തുർവയൽ ഗവേണനിലയം.

അപൂർവവും തദ്ദേശീയവുമായതിൽ പരമാവധി വൃക്ഷ ഇനങ്ങളെ വംശനാശത്തിൽ നിന്നു രക്ഷിക്കുന്നതിനു ഫൗണ്ടേഷൻ ആരംഭിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചതാണ് 'ഗോഡ് ട്രീസ് ' കാമ്പയിനെന്നു സീനിയർ ഡയറക്ടർ ഡോ.എൻ.അനിൽകുമാർ പറഞ്ഞു. വംശനാശത്തിന്റെ വക്കോളമെത്തിയ വൃക്ഷ ഇനങ്ങൾ കേരളത്തിലെ വൃദ്ധിക്ഷയം നേരിടുന്ന കാവുകളിലടക്കം നട്ടു പരിപാലിക്കുകയും ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയുമാണ് ഡോ.എം.എസ്. സ്വാമിനാഥന്റെ 100ാം ജൻവർഷമായ 2025ഓടെ പൂർത്തിയാക്കാനുദ്ദേശിക്കുന്ന കാമ്പയിനിന്റെ ലക്ഷ്യം.
സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മണ്ഡലങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഭാരതത്തിലെ വൃക്ഷ ഇനങ്ങളിൽ പലതും. ഇന്ത്യയിൽ മാത്രം ആയിരത്തിൽപരം ഇനം വൃക്ഷങ്ങളാണ് വംശനാശം നേരിടുന്നത്. പശ്ചിമഘട്ട, ഹിമാലയൻ മലനിരകളിലുള്ള ഈ വൃക്ഷ ഇനങ്ങളിൽ 20 - 30 ശതമാനം എന്നേക്കുമായി ഇല്ലാതാകുന്നതിനു അധികകാലമെടുക്കില്ലെന്നാണ് പരിസ്ഥിതി രംഗത്തെ വിദഗ്ധരുടെ അനുമാനമെന്നിരിക്കെ 'ഗോഡ് ട്രീസ്' കാമ്പയിൻ ഏറെ പ്രസക്തമാണെന്നു ഡോ.അനിൽകുമാർ പറഞ്ഞു.
നൂറിൽപരം ഇനം മരങ്ങൾ പുത്തൂർവയൽ ഗവേഷണനിലയം വളപ്പിൽ സംരക്ഷിക്കുന്നുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഈ വൃക്ഷ ഇനങ്ങളെ അപൂർവം, തദ്ദേശീയം, പവിത്രം, വംശനാശം നേരിടുന്നവ എന്നിങ്ങനെ നാലു ഗണങ്ങളായി തരംതിരിച്ചിരിക്കുകയാണ്. ഓരോ ഗണത്തിലും കുറഞ്ഞതു 25 ഇനം വൃക്ഷങ്ങളാണുള്ളത്. വംശവർദ്ധന മുൻനിറുത്തി ഓരോ ഇനം വൃക്ഷത്തിന്റെയും തൈകൾ ഗവേഷണ നിലയത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ തൈകളാണ് കാമ്പയിനിന്റെ ഭാഗമായി കാവുകളിലടക്കം നട്ടുപരിപാലിക്കുക. അടുത്തിടെ ആർബ്‌നെറ്റ് അക്രഡിറ്റേഷൻ ലഭിച്ചതാണ് ഗവേഷണനിലയത്തിലെ വൃക്ഷോദ്യാനം.
തൈകൾ നടുന്നതിനു യോജിച്ച 100 കാവുകൾ തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ ക്ഷേത്രങ്ങളോടു ചേർന്നു ഫൗണ്ടേഷൻ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രാധികൃതരുടെ പങ്കാളിത്തത്തോടെയാണ് കാവുകളിൽ തൈകൾ നട്ടുപരിപാലിക്കുക. ഓരോ കാവിലും 100 ഇനം വൃക്ഷങ്ങളുടെ തൈകൾ നടാനാണ് ആലോചന.
വംശനാശം നേരിടുന്ന വൃക്ഷങ്ങളുടെ സംരക്ഷണത്തിൽ വ്യക്തികളുടെയും സംഘടനകളുടെയും സഹകരണം കൂടി തേടും. രണ്ടു മുതൽ ആയിരം വരെ തൈകളുടെ നടീലും സംരക്ഷണവും വ്യക്തികൾക്കും സംഘടനകൾക്കും സ്‌പോൺസർ ചെയ്യാം. സ്‌പോൺസർ നിർദ്ദേശിക്കുന്നിടത്തു സ്ഥലലഭ്യതയനുസരിച്ചു ഫൗണ്ടേഷൻ പ്രതിനിധികൾ തൈകൾ നട്ടുകൊടുക്കും.തൈകളുടെ വളർച്ചയുടെ ഘട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഫൗണ്ടേഷൻ സ്‌പോൺസർക്കു ലഭ്യമാക്കും. തൈ ഒന്നിനു സ്‌പോൺസർ ആയിരം രൂപ നൽകണം. സ്‌പോൺസർമാർക്കു പണം അടയ്ക്കുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൽപറ്റ ശാഖയിൽ ( നമ്പർ: 37713075372 - ഐഎഫ്എസ് കോഡ് എസ് ബി ഐ എൻ 0070192) അക്കൗണ്ട് തുറന്നതായും ഡോ.അനിൽകുമാർ പറഞ്ഞു.