സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോവിലെ കണ്ടക്ടർ കോട്ടയം മുരുക്കുംവയൽ കല്ലുക്കുന്നേൽ വീട്ടിൽ കെ.ആർ.രഞ്ജിത്തിന്റെ മരണത്തിനിടയാക്കിയ ഒമ്‌നി കാർ പൊലീസ് കണ്ടെത്തി. ഡ്രൈവറെ പിടികൂടി.

കാർ ഓടിച്ചിരുന്ന കുപ്പാടി കടമാൻചിറ ചെട്ട്യാങ്കണ്ടി പി.കെ.ജിനേഷിനെയാണ് (39) ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25-ന് വൈകിട്ട് ഏഴ് മണിയോടെ ബത്തേരി ഡിപ്പോയ്ക്ക് മുന്നിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക്‌ പോകുന്നതിനിടെ രഞ്ജിത്തിനെ ബത്തേരി - പുൽപ്പള്ളി റോഡിൽ വെച്ചാണ് കാറിടിച്ച് തെറിപ്പിച്ചത്. അപകടശേഷം കാർ നിറുത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീയുടെ മൊഴിയും ഈ റോഡിലെ വിവിധ സ്ഥലങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തിയത്. ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാർ, എസ്.ഐ.സണ്ണി തോമസ് എന്നിവരുടെനേതൃത്വത്തിലായിരുന്നു അന്വേഷണം.