pedi
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധന

സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനം രൂക്ഷമായി മാറിയിട്ടും അതിർത്തിയിൽ വാഹന പരിശോധനയ്ക്ക് ജീവനക്കാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. കേരള - കർണാടക അതിർത്തിയായ മുത്തങ്ങ എക്‌സൈസ് ചെക്ക്‌ പോസ്റ്റിൽ ഡ്യൂട്ടിയിലുള്ളവർ ഇപ്പോൾ വിട്ടൊഴിയാത്ത ആധിയിലാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് ദിനംപ്രതി നൂറ് കണക്കിന് ചരക്ക് - യാത്രാ വാഹനങ്ങൾ അതിർത്തി വഴി എത്തുന്നുണ്ട്. ഈ വാഹനങ്ങൾ പരിശോധിക്കേണ്ട ഉത്തരവാദിത്വം ഈ ചെക്ക്‌ പോസ്റ്റ് ജീവനക്കാർക്കാണ്. ഇവർക്ക് പി.പി.ഇ കിറ്റോ, ഫേസ് ഷീൽഡോ പോലുമില്ല. ആകെയുള്ളത് കൈയുറയും മാസ്‌കും മാത്രം.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിൽ പലരും കൊവിഡ്‌ ലക്ഷണങ്ങളുള്ളവരാണ്. ചികിത്സയ്ക്ക് എങ്ങനെയും നാട്ടിലെത്തണമെന്ന വിചാരത്തോടെയാണ് പുറപ്പെടുന്നത്. യാത്ര തിരിക്കുന്നവർ കൊവിഡ് ടെസ്റ്റിന് വിധേയരായാണ് വരുന്നതെങ്കിലും പലർക്കും ഇവിടെ വന്ന് ടെസ്റ്റ് നടത്തുമ്പോൾ പോസിറ്റീവെന്ന് സ്ഥിരീകരിക്കുന്ന അവസ്ഥയാണ്. നാട്ടിൽ ചികിത്സയ്ക്കായി വരുന്നതിനിടെ കഴിഞ്ഞ ആഴ്ച മുത്തങ്ങയിൽ വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ബത്തേരി ആശുപത്രിയിൽ മരിച്ച സ്‌ത്രീ ബംഗളൂരുവിൽ നിന്ന് യാത്ര തിരിയ്ക്കും മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയയായപ്പോൾ ഫലം നെഗറ്റീവായിരുന്നു. പിന്നീട് ഇവിടെ നടത്തിയ ടെസ്റ്റിൽ കൊവിഡ്‌ സ്ഥിരീകരിക്കുകയായിരുന്നു.
അയൽസംസ്ഥാനത്ത് നിന്ന് അതിർത്തി കടന്നെത്തുന്ന വാഹനങ്ങളുടെ ആദ്യ പരിശോധനാകേന്ദ്രമാണ് എക്‌സൈസിന്റെ ചെക്ക്‌ പോസ്റ്റ്. ഇതുവഴി അതിർത്തി കടന്നുവരുന്നവർക്കാണ് കൊവിഡ് ബാധ കൂടുതലും സ്ഥിരീകരിച്ചത്.