കൽപ്പറ്റ: നഞ്ചൻകോട്‌ - വയനാട് - നിലമ്പൂർ റെയിൽ പാതയ്ക്കായി വിശദ പദ്ധതി രേഖ ( ഡി പി.ആർ) തയ്യാറാക്കാൻ കേരള റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി രാഹുൽ ഗാന്ധി എം.പിയെ രേഖാമൂലം അറിയിച്ചതായി ഐ. സി. ബാലകൃഷണൻ എം.എൽ.എ വ്യക്തമാക്കി. ഈ പാതയുടെ നിർമ്മാണ പ്രവൃത്തി ഉടൻ തുടങ്ങണമെന്ന ആവശ്യം രാഹുൽ ഗാന്ധി കഴിഞ്ഞ ഡിസംബർ നാലിന് പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കേരള റെയിൽ ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പദ്ധതി സാദ്ധ്യമാക്കുന്നതിനും പശ്ചിമഘട്ടത്തിൽ പൊതു ഗേറ്റ്‌വേ സ്ഥാപിക്കുന്നതിനും കേരള റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ തയ്യാറാണെന്ന് കാണിച്ച് കേരളം കർണാടക സർക്കാരിനെ അറിയിച്ചിരുന്നു. പുതുക്കിയ പാതയ്ക്ക് അംഗീകാരം നൽകുന്നതിന് ഇരുസംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വിശദമായ ചർച്ച നടത്താൻ ആവശ്യപ്പെട്ടതായി രാഹുൽഗാന്ധിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്കുള്ള എളുപ്പപാത കൂടിയാണ് യാഥാർത്ഥ്യമാകുന്നത്. നിലമ്പൂരിൽ നിന്നു നഞ്ചൻകോടിലേക്ക് 156 കിലോമീറ്റർ വരും.