wayanad

കൽപ്പറ്റ: മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും വിറങ്ങലിച്ച് വയനാട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളപ്പൊക്ക ഭീഷണിയിലാണ്. ജില്ലയിലെ വൈദ്യുതി ബന്ധം താറുമാറായി. വാർത്താ വിനിമയ ബന്ധവും തകർന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടി 17 പേർ മരിച്ച മേപ്പാടി പുത്തുമലയിൽ ഇന്നലെ പെയ്തത് കഴിഞ്ഞ വർഷത്തെക്കാൾ തീവ്രമായ മഴയാണ്. കഴിഞ്ഞ വർഷം പുത്തുമലയിൽ 420 മില്ലി മീറ്റർ മഴയായിരുന്നു. എന്നാൽ ഇന്നലെ അനുഭവപ്പെട്ടത് 530 മില്ലി മീറ്റർ മഴയാണ്. പുത്തുമല, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നിന്ന് നൂറിലേറെ പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ജില്ലയിലെ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. കബനി പുഴയും പനമരം പുഴയും കരകവിഞ്ഞതോടെ നൂറോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കർണ്ണാടകയിലെ ബീച്ചനഹളളി ഡാം ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് തുറന്നിട്ടും ജില്ലയിലെ വെളളപ്പൊക്കത്തിന് കുറവില്ല. ചുരം മേഖലകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മാനന്തവാടി തലശ്ശേരി റോഡിൽ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞതിനാൽ ഗതാഗതം തടസപ്പെട്ടു. വയനാട്ടിൽ ഇരുപത് ഹെക്ടർ കൃഷി ഭൂമി വെളളത്തിലായി. പടിഞ്ഞാറത്തറയ്ക്ക് സമീപത്തെ കണ്ണോത്തുകുന്ന് പാലം ഒലിച്ച് പോയി. കോട്ടത്തറ, കുറുമണി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ദേശീയ പാതയിൽ മുത്തങ്ങയ്ക്കടുത്ത് പൊൻകുഴിയിൽ വെളളം കയറി. തവിഞ്ഞാൽ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും വെളളത്തിലാണ്.