puthumala-

കൽപ്പറ്റ: വയനാടിന്റെ പ്രകൃതി സുന്ദരമായിരുന്ന പുത്തുമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഒാർമ്മകൾക്ക് ഒരു വയസ്.

.കുലംകുത്തി വന്ന മലവെളളത്തിൽ ഒരു നാടിന്റെ സ്വപ്നമാണ് തകർന്നത്.ഒപ്പം പതിനേഴ് പേരും.അതിൽ അഞ്ച് പേരെ ഇനിയും കണ്ടെത്താനായില്ല..മലമുകളിൽ നിന്ന് കൂറ്റൻ പാറക്കെട്ടുകൾക്കും മരങ്ങൾക്കുമൊപ്പം അണപൊട്ടിയ മലവെളളത്തിൽ ഇവരങ്ങ് ചാലിയാറിലേക്ക് ഒഴുകിപ്പോയോ?.അതോ ഇവിടെ അ‌ടിഞ്ഞ് കൂടിയ മൺകൂനുകൾക്കുളളിൽ അന്തിയുറങ്ങുന്നുണ്ടോ?.ഒരു നാട് മുഴുവൻ അവർക്കായി കണ്ണടക്കാതെ കാത്തിരുന്നത് വെറുതെ.

.ആഗസ്റ്റ് എട്ട് ഈ നാടിന് കറുത്ത അദ്ധ്യായമാണ്.അന്ന് വൈകിട്ട് നാലരയോടെയാണ് മലമുകളിൽ നിന്ന് തൊട്ട് താഴെ പച്ചക്കാടും കടന്ന് നിമിഷങ്ങൾക്കകം കാടും മേടുമടങ്ങുന്ന കൂറ്റൻ പാറക്കെട്ടുകൾ പുത്തുമലയിലേക്ക് ആഞ്ഞ് പതിച്ചത്.ഒരു പ്രദേശം മുഴുവൻ തുടച്ച് നീക്കപ്പെട്ടു.പച്ചക്കാട്, പുത്തുമല പ്രദേശങ്ങളിലുണ്ടായിരുന്ന മുസ്ലീം പളളി,എച്ച്. എം. എൽ. എസ്റ്റേറ്റ് പാടി, ക്ഷേത്രം,രണ്ട് വലിയ ക്വാർട്ടേഴ്സുകൾ,കാന്റീൻ,പോസ്റ്റോഫീസ്, പാലം,മിനി സ്റ്റോർ,പമ്പ് ഹൗസ് അങ്ങനെ കുറെ സ്ഥാപനങ്ങൾ ഇപ്പോഴും മണ്ണിനടിയിൽ .തേയിലക്കാടുകൾക്കിടയിൽ മനോഹര പെയിന്റിംഗ് പോലെയായിരുന്നു പുത്തുമല ഗ്രാമം..എന്തോ സൂചന ലഭിച്ചതിനാൽ, തലേന്ന് തന്നെ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദിന്റെ നേതൃത്വത്തിൽ കുറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നതിനാൽ അവരെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷിക്കാനായി.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാ പ്രവർത്തനമാണ് പുത്തുമലയിൽ നടത്തിയത്.അപകടത്തിന്റെ തൊട്ടടുത്ത ദിവസം ഒമ്പത് മൃതദേഹങ്ങൾ.പിന്നീട് പല ദിവസങ്ങളിലായി മൂന്ന് മൃതദേഹങ്ങളും.അവശേഷിച്ച അഞ്ച് പേർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ മുപ്പതംഗ ടീം പരപ്പൻപാറയിൽ നിന്ന് നിലമ്പൂർ മുണ്ടേരിയിലേക്കുളള ഇരുപത്തിയഞ്ച് കിലോ മീറ്ററോളം നടന്ന്പോയും തെരച്ചിൽ നടത്തി. പുത്തുമലയിൽ നിന്ന് കുടിയിറങ്ങിയവർ അങ്ങോട്ട് ഒന്ന് ചെന്ന് നോക്കാൻ പോലും ഇന്ന് മടിക്കുന്നു.പ്രകൃതി സുന്ദരമായ ഭൂമി ഉഴുതിട്ട് മറിച്ച പ്രേതഭൂമി കണക്കെ.

ഇവർക്കായി ഒരു സുന്ദര ഗ്രാമം തൊട്ടടുത്ത് പൂത്തക്കൊല്ലിയിൽ അണിഞ്ഞൊരുങ്ങുന്നുണ്ട്.ഏഴേക്കർ ഭൂമിയിൽ 52 കുടുംബങ്ങൾക്ക് സന്നദ്ധസംഘടനകൾ വീട് വച്ച് നൽകും.ആകെയുളള 95 കുടുംബങ്ങളിൽ 43 കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സർക്കാർ പ്രളയ ധനസഹായം നൽകി.അവർ മറ്റ് സ്ഥലങ്ങളിൽ വീട് വച്ച് കഴിയുന്നു.