കൽപ്പറ്റ: മേപ്പാടിയ്ക്കടുത്ത് പുത്തുമലയ്ക്ക് മുകളിലായി മുണ്ടക്കൈയിൽ ഇന്നലെ വൻതോതിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പാലങ്ങൾ പൊളിഞ്ഞമർന്നു. രണ്ട് വീടുകളും ഒരു റിസോർട്ടും തകർന്നു. കുടുംബങ്ങളെ ദിവസങ്ങൾക്കു മുമ്പ് ഒഴിപ്പിച്ചതിനാൽ ആളപായം ഒഴിവായി.
മുണ്ടക്കൈ പുഞ്ചിരി മട്ടം ആദിവാസി കോളനിയ്ക്ക് സമീപം ഇന്നലെ രാവിലെ ആറു മണിയോടെയാണ് ഉരുൾപൊട്ടിയത്. പുഞ്ചിരി മട്ടത്തെ വിജയന്റെയും സഹോദരന്റെയും വീടുകളാണ് തകർന്നത്. ഈ മേഖലയിൽ കുടുങ്ങിയ 25 പേരെ അഗ്നിരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്ന് റോപ് വേ ഉപയോഗിച്ച് രക്ഷപ്പെടുത്തി. സി.കെ. ശശീന്ദ്രൻ എം.എൽ.എ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു 17 പേർ മരിയ്ക്കാനിടയായ പുത്തുമല ദുരന്തം. ഇന്നലെ ഇൗ മേഖലയിൽ മുന്നൂറ് മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.