kadu
കടുവയെ കണ്ടെത്താനായി പള്ളിച്ചിറയിൽ നടത്തിയ തെരച്ചിലിനിടെ വനപാലകർ

പുൽപ്പള്ളി:പുൽപ്പള്ളി മേഖലയിൽ കടുവാ ഭീഷണിയേറിയതോടെ ജനം വല്ലാത്ത അങ്കലാപ്പിൽ.

ഈയടുത്ത് ആളെ കൊന്നുതിന്നതും നിരവധി വളർത്തുമൃഗങ്ങളെ കൊന്നതും ആളുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പള്ളിച്ചിറയിൽ രണ്ട് പശുക്കിടാക്കളെ കടുവ കൊന്നതിനു പിറകെയാണ് വനപാലകർക്കുനേരെയുണ്ടായ ആക്രമണം. ഈ പ്രദേശത്ത് നിരവധി കടുവകൾ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് തദ്ദേശവാസികൾ പറയുന്നു. പഞ്ചായത്തിലെ വീട്ടിമൂല, പള്ളിച്ചിറ പ്രദേശങ്ങൾ കടുവാഭീതിയിൽ അകപ്പെട്ടിട്ട് ദിവസങ്ങളായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വളർത്തുമൃഗങ്ങളെ അടക്കം കൊന്ന കടുവ ഈ ഭാഗത്തുതന്നെതന്നെയുണ്ടെന്നാണ് കരുതുന്നത്.

പകൽ സമയത്തുപോലം കടുവ വളർത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായിരിക്കുകയാണ്. കാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണെങ്കിലും ജനവാസകേന്ദ്രത്തിൽ കടുവയുടെ സാന്നിദ്ധ്യം വിട്ടൊഴിയാത്ത സാഹചര്യത്തിൽ പലരും പുറത്തിറങ്ങാൻ തന്നെ പേടിക്കുകയാണ്. വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ പാടുപെടുകയാണ് കർഷകർ. ഒരു മാസം മുമ്പാണ് കതവാക്കുന്നിൽ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നത്. അതിനുശേഷം പല ഭാഗങ്ങളിൽ നിന്നും കടുവ വളർത്തുമൃഗങ്ങളെ പിടികൂടിയിരുന്നു.

പള്ളിച്ചിറയിലെത്തിയ കടുവയെ പിടികൂടുന്നതിന് നടപടികൾ സ്വീകരിച്ചതായി സൗത്ത് വയനാട് ഡി എഫ് ഒ രഞ്ജിത്ത് കുമാർ പറഞ്ഞു. കടുവയെ നിരീക്ഷിക്കുന്നതിനായി കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കാവലും ഏർപ്പെടുത്തിയിരിക്കുകയാണ്. കടുവയെ മയക്കുവെടി വച്ച് ഉടൻ പിടികൂടിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകൂട്ടം ജനകീയ കൂട്ടായ്മയുടെ തീരുമാനം. വാർഡ് മെമ്പർ എം ടി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഉദയകുമാർ വാരിശ്ശിരി, ബിനോയി തേക്കാനത്ത്, സതീഷ് മാളപ്പുര, അരുൺ, ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.