മാനന്തവാടി: വാളാട് പ്രദേശത്ത് കൊവിഡ് വ്യാപിച്ചതിൽ ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും ഗുരുതര വീഴ്ച പറ്റിയതായി തവിഞ്ഞാൽ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ക്വാറന്റയിൻ തീരുമാനത്തിലടക്കം സി.പി.എം. രാഷ്ട്രീയം കളിക്കുന്നതായും യു.ഡി.എഫ്. മെമ്പർമാർ ആരോപിച്ചു. ജില്ലാ കളക്ടർക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ലെന്നും അവർ പറഞ്ഞു.
വാളാട് രോഗവ്യാപനത്തിൽ ആദ്യഘട്ടത്തിൽ ടെസ്റ്റുകളും മറ്റും കാര്യക്ഷമമായി നടന്നിരുന്നുവെങ്കിലും ഇപ്പോഴത് കീഴ്‌മേൽ മറിഞ്ഞ അവസ്ഥയാണ്. ഭരണസമിതിയിൽ ചർച്ച ചെയ്യാതെ സി.പി.എം. ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. സ്വന്തം വീടുകളിൽ പോലും കൊവിഡ് പോസിറ്റീവ് ഉള്ള സി.പി.എം. കുടുംബങ്ങളിലെ അംഗങ്ങൾ ആരോഗ്യ വളണ്ടിയർമാർ എന്ന് പറഞ്ഞ് പുറത്തിറങ്ങി നടക്കുമ്പോൾ യു.ഡി.എഫ് പ്രവർത്തകരെ മാത്രം ക്വാറന്റയിനിൽ ഇരുത്തുകയാണ്.
ലോക്ക് ഡൗൺ സമയത്ത് വാളാട് ഉരുവിനെ അറുത്ത് മാംസ വില്പന നടത്തിയത് സി.പി.എമ്മും ആരോഗ്യ വകുപ്പും അറിഞ്ഞു കൊണ്ടാണ്. ഇക്കാര്യങ്ങളടക്കം പൊലീസ്, ആരോഗ്യ, റവന്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും യു.ഡി.എഫ് മെമ്പർമാരായ എം.ജി.ബാബു, വി.കെ.ശശിധരൻ, എൽസി ജോയ് എന്നിവർ കുറ്റപ്പെടുത്തി.