പനമരം: ദുരന്തങ്ങൾ പെരുമഴയായ് പെയ്തിറങ്ങുന്ന നാളുകളിലും ചില കാഴ്ചകൾ നമുക്ക് ആശ്വാസമാകും. പനമരം പുഞ്ചവയൽ കല്ലമ്പലത്തിനടുത്ത് വഴിയരികിൽ നിന്ന് കാപ്പിസെറ്റുകാരൻ വിനോദിന് വളർത്ത് നായ ഇക്കിയെ തിരിച്ചുകിട്ടിയപ്പോഴുണ്ടായ സന്തോഷം അങ്ങനെയൊരു കാഴ്ചയായിരുന്നു. ഒന്നര വയസുകാരൻ പഗ്ഗിനെ ക്രോസിംഗിനായാണ് വീട്ടിൽ നിന്ന് 20 കിലോമീറ്റർ ദൂരെ, പുഞ്ചവയലിലെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് വിനോദ് കൊണ്ടുവിട്ടത്. വീട് മാറി നിന്നിട്ടില്ലാത്ത ഇക്കി രാത്രിയിൽ കൂട് പൊട്ടിച്ച് പുറത്ത് ചാടി. അടുത്തുള്ള വീട്ടിൽ നിന്ന് റോട്ട് വീലർ നായയുടെ കുര കേട്ടതോടെ വിനോദിന്റെ വീട് അടുത്താണെന്ന് കരുതിയാവും ഇക്കി കൂട് വിട്ടിറങ്ങിയത്. എഴ് ദിവസം പെരുംമഴയത്ത് ഭക്ഷണമില്ലാതെ തണുത്ത് വിറച്ച് ഇക്കിയും വിനോദും പരസ്പരം അന്വേഷിച്ചു. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയെങ്കിലും ഫലമുണ്ടായില്ല. നിരാശയോടെയുളള മടക്കത്തിനൊടുവിൽ വിനോദും ഇക്കിയും കണ്ടുമുട്ടി. വിനോദിന്റെ ചുമലുകളിൽ പിടിച്ച് ഇക്കി തുരുതുരെ 'ചുംബിച്ചു' . പരിഭവവും പിണക്കവും, സന്തോഷത്തിനും ആശ്വാസത്തിനുമായി വഴിമാറി.