കൽപ്പറ്റ: വെള്ളം നിറഞ്ഞ നിലയിൽ ബാണാസുര സാഗർ ഡാം കാണാൻ ചന്തം കുറച്ചൊന്നുമല്ല. അകലെ നിന്നു നോക്കുമ്പോൾ ചിരട്ടകൾ കമിഴ്‌ത്തിയത് പോലുള്ള മലയിടുകൾക്കിടയിലൂടെ പരന്നൊഴുകുന്നതിന് നീലിമയുടെ തൊങ്ങലും കൂടിയുണ്ട്. മൺസൂൺ തകർക്കുമ്പോഴും വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം അനുഭവപ്പെടാറുള്ള ഇവിടം ഇപ്പോൾ തീർത്തും ശൂന്യം. കൊവിഡിന്റെ വരവോടെ അഞ്ചു മാസത്തിലേറെയായി ഇവിടെ സഞ്ചാരികൾക്ക് പ്രവേശനമില്ല.
മണ്ണണയിൽ തീർത്ത ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡാം എന്ന സവിശേഷതയുണ്ട് പടിഞ്ഞാറത്തറയിലെ ബാണാസുര സാഗറിന്. തലയെടുപ്പോടെ നിൽക്കുന്ന ബാണാസുരൻ മലയുടെ താഴ്‌വാരത്തെ അതിമനോഹരമായ ഡാം വിനോദസഞ്ചാരികൾക്കും എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. ഇവിടെ ഹൈഡൽ ടൂറിസത്തിന് വിലക്ക് വന്നതോടെ തീരത്തോടു ചേർന്ന് കെട്ടിയിട്ട നിരവധി നൗകകൾ അതേപടി കിടപ്പാണ്. സാധാരണ നിലയിൽ മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി വർഷകാലത്ത് ദിവസവും ആയിരങ്ങൾ എത്താറുണ്ടായിരുന്നു ഇവിടേക്ക്. കൊവിഡ് ഭീഷണി ഉയർന്നതോടെ സമ്പൂർണ ലോക്ക് ഡൗൺ വരുന്നതിനു മുമ്പ് തന്നെ മാർച്ച് 12ന് ബാണാസുര സാഗർ ഡാമിൽ സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
ഡാമിന്റെ വൃഷ്ടിപ്രദേശത്തും മലമുകളിലും കനത്ത മഴയാണ് ഇത്തവണ ലഭിച്ചത്. ടണൽ വഴി കുറ്റ്യാടിയിലേക്കുളള വെളളം ഇപ്പോൾ തുറന്നു വിടുന്നില്ല. ജലനിരപ്പ് കൂടുതൽ ഉയർന്നുകൊണ്ടിരിക്കെ രണ്ട് ദിവസത്തിനകം കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയ്ക്കായി ഇവിടെ നിന്ന് വെളളം തുറന്ന് വിടുമെന്നാണ് സൂചന.
മുത്തങ്ങ, തോൽപെട്ടി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് ഇന്നലെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ ബാണാസുര സാഗർ ഡാമിലേക്കുള്ള വിലക്ക് എപ്പോൾ തീരുമെന്ന് അറിയിപ്പൊന്നുമില്ല.
ഈ ഭാഗത്ത് ഹൈഡൽ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന കുടുബങ്ങളിൽ നല്ലൊരു പങ്കും മാസങ്ങളായി വരുമാനമില്ലാതെ അരപ്പട്ടിണിയിലാണ്. കരാർ തൊഴിലാളികളടക്കം ഡാമിനോടു ചേർന്നു തന്നെ അമ്പതോളം പേരുണ്ട്. സ്വകാര്യ സംരംഭങ്ങളിലായി നാല്പതോളം പേർ വേറെയും. ടൂറിസം ജീവനക്കാർക്ക് മാസം ശമ്പളവകയിൽ 15 ലക്ഷത്തോളം രൂപ വേണം. ഏറെ ബുദ്ധിമുട്ടിയാണെങ്കിലും കഴിഞ്ഞ മാസം വരെ ശമ്പളം നൽകിയിട്ടുണ്ട്. പക്ഷേ, വരുമാനം തീർത്തും മുട്ടിയ നിലയിൽ അടുത്ത മാസം മുതൽ ശമ്പളം മുടങ്ങുമെന്ന സ്ഥിതിയാണ്. ഈ പ്രദേശത്ത് ചെറുതും വലുതുമായുള്ള കടകളും മറ്റു സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ നിലയിൽ തന്നെ.