v
തലപ്പുഴ വലിയ മുറ്റം തറവാട്ടിലെ കാരണവർ ചന്തു, തന്റെ അമ്പും വില്ലുമായ്

തലപ്പുഴ: വയനാട്ടിലെ 52 കുറിച്ച്യ തറവാടുകളിലൊന്നായ വലിയ മിറ്റത്തെ കുട്ടികളും മുതിർന്നവരുമെല്ലാം വയൽപ്പണിയുടെ തിരക്കിലാണ്. കാലമേറെ മാറിയെങ്കിലും ഇപ്പോഴും തറവാട്ട് കാരണവർ ചന്തുവിന്റെ നേതൃത്വത്തിൽ അവരൊരുമിച്ച് വിതയ്ക്കുകയും കൊയ്യുകയും, കിട്ടുന്ന നെല്ല് തുല്യമായ് പങ്കിടുകയും ചെയ്യും.

ഒരു വലിയ കോട്ട പോലെ ഉയർന്നു നി​ൽക്കുന്ന മലനിരകളുടെ നടുവിൽ താഴ്വാരത്തായാണ് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ തറവാടും ക്ഷേത്രവും വയലും പുഴയുമെല്ലാമുള്ളത്. നിബിഢ വനമായിരുന്ന ഈ മലനിരകൾ തേയിലത്തോട്ടങ്ങളായി​ മാറ്റപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രമാണ്. അതുവരെ ചുറ്റുമുണ്ടായിരുന്ന കാട്ടിൽ നായാടിക്കിട്ടുന്ന ഇറച്ചി ഇവരുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു. വയലിൽ വിളഞ്ഞ ചേറ്റ് വെളിയനും ഗന്ധകശാലയുമെല്ലാം ചോറിനും പലഹാരങ്ങൾക്കുമാവശ്യമായ ധാന്യവും ഇവർക്ക് നൽകി. വയലിലെ നെല്ലും, കരയിലെ മുത്താറിയും മാത്രമായിരുന്നു അന്ന് കൃഷി ചെയ്തിരുന്നത്. ബാക്കിയെല്ലാം കാട് നൽകി. നാണ്യവിളകളായ കുരുമുളകും കാപ്പിയുമൊന്നും ഇവരുടെ കൃഷിയിൽ ഉൾപ്പെട്ടിരുന്നി​ല്ല.

അന്നുമിന്നും കുടുംബാംഗങ്ങൾ മാത്രമാണ് എല്ലാ പണികളുമെടുക്കുക. പുറത്ത് നിന്ന് ആരുമുണ്ടാവില്ല. സ്വന്തം വയർ നിറയ്ക്കാൻ വേണ്ടത് ഒത്തൊരുമിച്ച് അധ്വാനിക്കുന്ന ദൃശ്യം നൂറ്റാണ്ടുകളായി​ ഈ താഴ് വരയിൽ തുടരുകയാണ്.

സി​നി​മാ ലൊക്കേഷൻ

എൺപതുകളുടെ തുടക്കത്തിൽ നിർമ്മിച്ച "ഉയരും ഞാൻ നാടാകെ" എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഈ തറവാടായിരുന്നു. ജൻമികൾ ക്രൂരമായി​ ചൂഷണം ചെയ്തിരുന്ന വയനാട്ടിലെ ആദിമജനതയുടെ കഥ പറഞ്ഞ ചിത്രത്തിൽ, മോഹൻലാൽ അവതരിപ്പിച്ച ദാരപ്പൻ എന്ന കഥാപാത്രത്തെ ഇന്നലെ കണ്ടത് പോലെ ചന്തു മൂപ്പന്റെ ഓർമ്മയി​ലുണ്ട്. വൈക്കോലുകൊണ്ട് മേഞ്ഞ വീടുകളുടെ മുറ്റത്ത് കുട്ടിയ തീക്കനലിന് മുകളിലൂടെ മോഹൻലാൽ കൈ കുത്തിച്ചാടുന്ന രംഗമൊക്കെയുണ്ടായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോൾ മാനന്തവാടിയിലെ ഓലമേഞ്ഞ മാരുതി ടാക്കീസിലിരുന്നാണ് മൂപ്പനും സംഘവും സിനിമ കണ്ടത്.